ഭൂമിയിടപാട് സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും നിയമാനുസൃതമായാണ് നടന്നിട്ടുള്ളതെന്ന് അമൃതാനന്ദമയി മഠം

single-img
15 July 2016

matha_amritanandamayi_ashram_at_vallikavu20140206120041_43_3
മഠത്തിന് വേണ്ടി സ്ഥലം തട്ടിയെടുക്കാനുള്ള ശ്രമത്തെ ന്യായീകരിച്ച് അമൃതാനന്ദമയി മഠം രംഗത്ത്.ഭൂമിയിടപാട് സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും നിയമാനുസൃതമായാണ് നടന്നിട്ടുള്ളതെന്ന് അമൃതാനന്ദമയി മഠം വിശദീകരണക്കുറിപ്പില്‍ അറിയിച്ചു.

ബാങ്ക് ഉദ്യോഗസ്ഥരും അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി പ്രകാശും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് തട്ടിപ്പ് നടന്നതെന്ന് ത്വരിതാന്വേഷണത്തില്‍ വ്യക്തമായിരുന്നു.ഇതിൽ കേസെടുക്കാത്ത സാഹചര്യത്തിലാണു സി.ബി.ഐയെ വിമർശിച്ച് ഹൈക്കോടതി രംഗത്ത് വന്നത്.അതിനു പിന്നാലെയാണു ഭൂമിയിടപാടിനെ ന്യായീകരിച്ച് അമൃതാനന്ദമയി മഠം രംഗത്ത് വന്നത്

സിബിഐ തുടര്‍ന്നും കേസ് അന്വേഷിക്കുവാന്‍ താത്പര്യപ്പെടുന്നുണ്ടെകില്‍ മഠത്തിന്റെ സഹായവും സഹകരണവും ഉണ്ടാകുമെന്നും അമൃതാനന്ദമയി മഠം വ്യക്തമാക്കി.ത്വരിതാന്വേഷണത്തെ തള്ളിയ മഠം മഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും നിയമത്തിനുള്ളില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളാണ് മഠം നടത്തുന്നതെന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം അമൃതാനന്ദമയി മഠത്തിന്‍െറ പേരില്‍ മഠത്തിലെ സ്വാമി കരാറിലേര്‍പ്പെട്ടശേഷം ബാങ്ക് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് കോടികള്‍ വിലമതിക്കുന്ന ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കേസെടുക്കാത്ത സി.ബി.ഐക്ക് ഹൈകോടതിയുടെ രൂക്ഷവിമര്‍ശം ഉന്നയിച്ചിരുന്നു.പ്രഥമദൃഷ്ട്യാ കുറ്റകൃത്യം വ്യക്തമാണെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിയമോപദേശം ലഭിച്ചിട്ടും സി.ബി.ഐ അത് ചെയ്യാന്‍ മുതിര്‍ന്നിട്ടില്ല. ഇനിയെങ്കിലും ഈ കേസില്‍ സി.ബി.ഐ ഉറക്കംവിട്ടുണരണമെന്ന് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. ലളിതകുമാരി കേസിലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശത്തിനനുസരിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പര്യാപ്തമായ വസ്തുതകള്‍ അടങ്ങുന്നതാണ് കേസെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ബാങ്ക് ഉദ്യോഗസ്ഥരും അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി പ്രകാശും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് തട്ടിപ്പ് നടന്നതെന്ന് ത്വരിതാന്വേഷണത്തില്‍ വ്യക്തമായിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത സി.ബി.ഐ നടപടിയെയാണ് ജസ്റ്റിസ് ബി. കെമാല്‍ പാഷ വിമര്‍ശിച്ചത്.

അങ്കമാലി മഞ്ഞപ്രയിലെ ‘സന്ദീപനി സ്മാര്‍ട്ട് വില്ളേജ്’ പദ്ധതിക്ക് കണ്ടത്തെിയിരുന്ന എട്ടുകോടി വിലമതിക്കുന്ന ഭൂമി കുറഞ്ഞവിലക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ബ്രഹ്മചാരി പ്രകാശ്, സിന്‍ഡിക്കേറ്റ് ബാങ്ക് റീജനല്‍ മാനേജറായിരുന്ന രാമചന്ദ്രന്‍, അങ്കമാലി ശാഖയിലെ മുന്‍ സീനിയര്‍ മാനേജര്‍ ഗോപിനാഥ് കെ. നായര്‍ എന്നിവര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മഞ്ഞപ്ര സ്വദേശി എ.ടി. രഘുനാഥ് നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനക്കത്തെിയത്.
തന്‍െറ ഉടമസ്ഥതയിലുള്ള ഏക്കറോളം വരുന്ന ഭൂമിയില്‍ സന്ദീപനി സ്മാര്‍ട്ട് വില്ളേജ് പദ്ധതി നടപ്പാക്കാന്‍ സിന്‍ഡിക്കേറ്റ് ബാങ്ക് അങ്കമാലി ശാഖയില്‍നിന്ന് ഹരജിക്കാരന്‍ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങി ബാങ്ക് നടപടി ആരംഭിച്ചതോടെ ഈടായി നല്‍കിയ, പദ്ധതിക്ക് ഉദ്ദേശിച്ച സ്ഥലം വില്‍ക്കാന്‍ തീരുമാനിച്ചു. ഈ ഘട്ടത്തിലാണ് ബ്രഹ്മചാരി പ്രകാശ് ഇടപാടുമായി ഹരജിക്കാരനെ സമീപിക്കുന്നത്. ഇവര്‍ തമ്മില്‍ ഭൂമി കൈമാറ്റത്തിന് കരാറായി. ഈ ഘട്ടത്തില്‍ ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം വായ്പ അവസാനിപ്പിക്കാനുള്ള അവസരം ഹരജിക്കാരനുവേണ്ടി ബാങ്ക് പ്രഖ്യാപിച്ചു. ഇതിനുള്ള 1.35 കോടിയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സന്ദീപനി സ്മാര്‍ട്ട് വില്ളേജിന്‍െറ പേരില്‍ പ്രകാശ് കൈമാറി. ഈ തുക പ്രകാശിന്‍െറ സാന്നിധ്യത്തില്‍ ഹരജിക്കാരന്‍ ബാങ്കില്‍ നിക്ഷേപിച്ചു. എന്നാല്‍, പ്രകാശിന്‍െറ നിര്‍ദേശപ്രകാരം ഈ ഡി.ഡി സസ്പെന്‍സ് അക്കൗണ്ടിലാണ് ഇട്ടത്. ഇതിനിടെ, പ്രകാശ് ആവശ്യപ്പെട്ടതിനത്തെുടര്‍ന്ന് ഹരജിക്കാരന്‍െറ അനുമതിയില്ലാതെതന്നെ പ്രകാശിന് ഡി.ഡി നല്‍കുകയും ചെയ്തു. പിന്നീട് കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള സര്‍ഫാസി നിയമം ചുമത്തി ഹരജിക്കാരന്‍െറ സ്ഥലം ബാങ്ക് ലേലത്തിനുവെച്ചു. 1.65 കോടിക്ക് പ്രകാശുതന്നെ ഇത് ലേലത്തില്‍ പിടിച്ചു. രണ്ടര കോടിക്ക് ഹരജിക്കാരനുമായി വില്‍പനകരാറിലേര്‍പ്പെട്ട സ്ഥലമാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കുറഞ്ഞ തുകക്ക് കൈക്കലാക്കിയതെന്ന് ഹരജിയില്‍ പറയുന്നു.

 

ഹരജിക്കാരന്റെ കടം തീര്‍ക്കാന്‍ നല്‍കിയ തുകയുടെ ഡി.ഡി സസ്‌പെന്‍സ് അക്കൗണ്ടിലിട്ടതും ആവശ്യപ്പെട്ടപ്പോള്‍ പ്രകാശിനുതന്നെ തിരിച്ചുനല്‍കിയതും ഏത് ബാധ്യതയുടെ അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. ത്വരിതാന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍ കുറ്റകൃത്യം വെളിപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. കുറ്റകൃത്യം വെളിപ്പെട്ടിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.