കാടും അരുവിയും ഗ്രാമീണജീവിതവും ഇനി കല്ലാറിലൂടെ ആസ്വദിക്കാം

kallar_a_picnic_spot_on_the_way_to_ponmudi20131108130443_356_2തിരുവനന്തപുരത്തെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കുള്ള വഴി മധ്യേയുള്ള ഒരു പ്രധാന ടൂറിസ്റ്റ് ആകർഷണമാണ് കല്ലാർ.തിരുവനന്തപുരത്തിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള കല്ലാറിന് ആ പേര് ലഭിച്ചത് ഇവിടെ സുലഭമായ വെള്ളാരം കല്ലുകളിൽ നിന്നാണ്.

കാടും അരുവിയും ഗ്രാമീണജീവിതവുമെല്ലാം ഒത്തുചേരുന്ന ഒരു സുന്ദരമായ പ്രദേശമാണ് കല്ലാർ.ശാന്ത സുന്ദരിയായി  ഒഴുകുന്ന കല്ലാർ നദിയുടെ ദൃശ്യങ്ങൾ ഒരിക്കലും മറക്കാനാവാത്ത ഓർമകളാണ് സഞ്ചാരികൾക്ക് നൽകുന്നത്.ട്രെക്കിങ്ങിനും പക്ഷി നിരീക്ഷണത്തിനും പേരുകേട്ട കല്ലാർ വിവിധങ്ങളായ ഉരഗ വർഗങ്ങളുടെ സാനിധ്യം കൊണ്ടും ശ്രദ്ധേയമാണ്.ഇതിന് അടുത്തുതന്നെയാണ് പ്രശസ്തമായ മീൻമുട്ടി വെള്ളച്ചാട്ടവും ഗോൾഡൻ വാലിയും.

കല്ലാർ പൊന്മുടി പാതയിലെ പാലത്തിന് സമീപത്തു നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയായി കാട്ടിനുള്ളിലാണ് മീൻമുട്ടി വെള്ളച്ചാട്ടം.മീന്മുട്ടിയിലേക്കുള്ള പാതയിൽ വിവിധയിനം പക്ഷികളെയും ചിത്രശലഭങ്ങളെയും ഉരഗങ്ങളെയും കാണാനാവും.ടുറിസ്റ്റ് അധികൃതരും തദ്ദേവാസികളും ചേർന്നുള്ള കല്ലാർ വനസംരക്ഷണ സമിതി സഞ്ചാരികൾക്ക് ആവിശ്യമായ സഹായങ്ങൾ ഒരുക്കുന്നുണ്ട്.ആവിശ്യമെങ്കിൽ വഴികാട്ടികൾ എന്ന നിലയിലും ഇവരുടെ സേവനം പ്രയോജനപ്പെടുത്താം.വന വിഭവങ്ങൾ വിൽക്കുന്ന ഒരു വില്പനശാലയും കല്ലാറിലുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഏകദേശം 67 കിലോമീറ്ററും റയിൽവേ സ്റ്റേഷനിൽ നിന്ന് 61 കിലോമീറ്ററും അകലെയാണ് കല്ലാർ.മഴക്കാലം ഒഴികെ ഏത് കാലാവസ്ഥയിലും ഉല്ലാസയാത്രയ്ക്ക് യോജിച്ച പ്രദേശമാണ് കല്ലാർ.