അമൃതാനന്ദമയി മഠത്തിനു വേണ്ടി സ്ഥലം തട്ടിപ്പ്:കേസെടുക്കാത്ത സി.ബി.ഐക്ക് ഹൈകോടതിയുടെ രൂക്ഷവിമര്‍ശം

single-img
14 July 2016

Kerala High Court

അമൃതാനന്ദമയി മഠത്തിലെ സ്വാമി പ്രകാശ് കോടികള്‍ വിലമതിക്കുന്ന ഭൂമി ബാങ്കുദ്യോഗസ്ഥരുടെ ഒത്താശയോടെ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിന്റെ അന്വേഷണത്തില്‍ അലംഭാവം കാട്ടിയതിന് സിബിഐക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ബാങ്ക് ഉദ്യോഗസ്ഥരും അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി പ്രകാശും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് തട്ടിപ്പ് നടന്നതെന്ന് ത്വരിതാന്വേഷണത്തില്‍ വ്യക്തമായിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത സി.ബി.ഐ നടപടിയെയാണ് ജസ്റ്റിസ് ബി. കെമാല്‍ പാഷ വിമര്‍ശിച്ചത്. പ്രഥമദൃഷ്ട്യാ കുറ്റകൃത്യം വ്യക്തമാണെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിയമോപദേശം ലഭിച്ചിട്ടും സി.ബി.ഐ അത് ചെയ്യാന്‍ മുതിര്‍ന്നിട്ടില്ല. ഇനിയെങ്കിലും ഈ കേസില്‍ സി.ബി.ഐ ഉറക്കംവിട്ടുണരണമെന്ന് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.

അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി പ്രകാശ്, സിന്‍ഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേ സിബിഐ അന്വേഷണമാവശ്യപ്പെട്ട് മഞ്ഞപ്ര സ്വദേശി എ ടി രഘുനാഥ് നല്‍കിയ ഹരജിയാണു കോടതി പരിഗണിച്ചത്. രഘുനാഥിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ സന്ദീപനി സ്മാര്‍ട്ട് വില്ലേജ് പദ്ധതി നടപ്പാക്കാന്‍ സിന്‍ഡിക്കേറ്റ് ബാങ്ക് അങ്കമാലി ശാഖയില്‍നിന്നു ഹരജിക്കാരന്‍ വായ്പയെടുത്തിരുന്നു. സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് നോട്ടീസ് അയച്ചു. ഇതോടെ ഈടായി നല്‍കിയ നിര്‍ദിഷ്ട പദ്ധതിസ്ഥലം വില്‍ക്കാന്‍ തീരുമാനിച്ചു. ഈ ഘട്ടത്തിലാണ് സ്വാമി പ്രകാശ് രഘുനാഥിനെ സമീപിച്ചതുംഇവര്‍ തമ്മില്‍ ഭൂമികൈമാറ്റത്തിനു കരാറായതും.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം വായ്പ അവസാനിപ്പിക്കാനുള്ള അവസരം ബാങ്ക് അനുവദിച്ചു. 1.35 കോടിയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് പദ്ധതിയുടെ പേരില്‍ പ്രകാശ് കൈമാറി. സ്വാമിയുടെ നിര്‍ദേശപ്രകാരം ഈ ഡിഡി സസ്‌പെന്‍സ് അക്കൗണ്ടിലാണു രഘുനാഥ് നിക്ഷേപിച്ചത്. ഇതിനിടെ, സ്ഥലവില വീണ്ടും കുറച്ചുനല്‍കാന്‍ മുതിര്‍ന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹരജിക്കാരനുമായി ഇടപാട് അവസാനിപ്പിച്ചെന്ന രീതിയില്‍ ഡിഡി തിരികെനല്‍കാന്‍ പ്രകാശ് ആവശ്യപ്പെട്ടു.
രഘുനാഥിന്റെ അനുമതിയില്ലാതെ ബാങ്കധികൃതര്‍ ഇതു പ്രകാശിന് കൈമാറി. പിന്നീട് കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള സര്‍ഫാസി നിയമം ചുമത്തി ഹരജിക്കാരന്റെ സ്ഥലം ലേലത്തിനുവച്ചു.
1.65 കോടി രൂപയ്ക്ക് സ്ഥലം പ്രകാശ് തന്നെ ലേലത്തില്‍ പിടിച്ചു. രണ്ടരക്കോടിക്ക് ഹരജിക്കാരനുമായി വില്‍പനക്കരാറിലേര്‍പ്പെട്ട സ്ഥലമാണ് ബാങ്കുദ്യോഗസ്ഥരുടെ സഹായത്തോടെ കുറഞ്ഞ തുകയ്ക്ക് സ്വാമി കൈക്കലാക്കിയതെന്ന് ഹരജിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന കാര്യത്തില്‍ ഞെട്ടലുണ്ടായെന്ന് കോടതി വ്യക്തമാക്കി.

ബാങ്കുമായി ബന്ധമില്ലാത്ത അപരിചിതനായ ബ്രഹ്മചാരി പ്രകാശിന്‍െറ നിര്‍ദേശങ്ങളെല്ലാം ബാങ്ക് അധികൃതര്‍ ശിരസ്സാവഹിച്ചതിനുപിന്നിലെ കാരണമെന്തെന്ന് കോടതി ആരാഞ്ഞു. ഹരജിക്കാരന്‍െറ കടം തീര്‍ക്കാന്‍ നല്‍കിയ തുകയുടെ ഡി.ഡി സസ്പെന്‍സ് അക്കൗണ്ടിലിട്ടതും ആവശ്യപ്പെട്ടപ്പോള്‍ പ്രകാശിനുതന്നെ തിരിച്ചുനല്‍കിയതും ഏത് ബാധ്യതയുടെ അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.