മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവെന്ന നിലയില്‍ പ്രതിഫലം വാങ്ങാത്തതിനാൽ ദാമോദരനു ഏത് കേസും വാദിയ്ക്കാം:പിണറായി

single-img
14 July 2016

pinarayi-mk-damodaran

എം.കെ.ദാമോദരനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവെന്ന നിലയില്‍ എം.കെ. ദാമോദരന്‍ പ്രതിഫലം വാങ്ങുന്നില്ല. അദ്ദേഹത്തിന് ഏത് കേസ് വാദിക്കുന്നതിലും തടസമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിയമോപദേശകൻ എം.കെ.ദാമോദരൻ സർക്കാരിനെതിരേ കോടതിയിൽ ഹാജരാകുന്ന വിഷയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉന്നയിച്ചത്. നടപടി അധാർമികമാണെന്ന് വിമർശിച്ച പ്രതിപക്ഷ നേതാവ് നാളെ മുഖ്യമന്ത്രിയുടെ നിയമോപദേശകൻ ജിഷയുടെ ഘാതകന് വേണ്ടി കോടതിയിൽ ഹാജരായാലും അത്ഭുതപ്പെടാനില്ലെന്ന് കളിയാക്കി. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനെ സഹായിക്കുന്നതിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ടോ എന്നും പ്രതിപക്ഷം ചോദിച്ചു. ആരോപണങ്ങൾക്ക് മറുപടി നൽകിയ മുഖ്യമന്ത്രി ദാമോദരനെ പൂർണമായി പിന്തുണച്ചാണ് സംസാരിച്ചത്.

ഇതര സംസ്ഥാന ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനായും കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയിലെ പ്രതിക്കായും എം.കെ. ദാമോദരന്‍ ഹാജരായിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ നിയമോപദേശകൻ എം.കെ.ദാമോദരൻ സർക്കാരിനെതിരായ കേസുകളിൽ ഹാജരാകുന്ന നടപടി തുടരുന്നു. വെള്ളിയാഴ്ച ക്വാറി ഉടമകൾക്ക് വേണ്ടിയും അദ്ദേഹം ഹൈക്കോടതിയിൽ ഹാജരാകും. സർക്കാരിനെതിരേ ആണ് ദാമോദരൻ ഹാജരാകുന്നത്. അഞ്ച് ഏക്കറിൽ താഴെയുള്ള ക്വാറികൾക്ക് പ്രവർത്തിക്കുന്നതിന് പരിസ്‌ഥിതി വകുപ്പിന്റെ അനുമതി വേണമെന്ന സർക്കാർ ചട്ടത്തിനെതിരേയാണ് ക്വാറി ഉടമകൾ കോടതിയെ സമീപിക്കുന്നത്. അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്വാറികൾ സർക്കാർ ഇടപെട്ട് നേരത്തെ പൂട്ടിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ദാമോദരൻ ക്വാറി ഉടമകൾക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത്.