മോദിയെ ജനാധിപത്യമെന്തെന്ന് പഠിപ്പിച്ച സുപ്രീംകോടതിക്ക് നന്ദിയെന്ന് രാഹുൽ ഗാന്ധി;ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളെ ബഹുമാനിക്കാന്‍ മോഡി പഠിക്കുമെന്ന് കെജ്രിവാള്‍

single-img
13 July 2016

modi-vs-rahul-kejriwal

അരുണാചലിൽ കോൺഗ്രസ് സർക്കാറിനെ പുന:സ്ഥാപിച്ച സുപ്രീംകോടതി വിധിയെ തുടർന്ന് പ്രധാനമന്ത്രി മോദിയെ വിമർശിച്ചു കൊണ്ട് രാഹുൽ ഗാന്ധി. മോദിയെ ജനാധിപത്യമെന്തെന്ന് പഠിപ്പിച്ചതിന് സുപ്രീംകോടതിക്ക് നന്ദി പറയുന്നതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

അതേസമയം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആകട്ടെ കോടതിവിധിയെ തുടര്‍ന്ന് കനത്ത പരിഹാസമാണ് മോഡിക്കെതിരെ ഉയര്‍ത്തിയത്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ ബഹുമാനിക്കാന്‍ ഈ കോടതി വിധി മോഡിയെ പഠിപ്പിക്കും. ഡല്‍ഹി സര്‍ക്കാരിനെ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം അനുവദിക്കുമെന്ന് കരുതുന്നതായും കെജ്രിവാള്‍ പറഞ്ഞു. ഭരണഘടനയെയോ, ജനങ്ങളുടെ തെരഞ്ഞെടുപ്പുകളെയോ മോഡിക്ക് വിശ്വാസമില്ല. രാജ്യത്ത് ഏകാധിപത്യ ഭരണം നടത്താനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി.

അരുണാചൽ പ്രദേശിലെ കാലിഖോ പുളിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. സർക്കാറിനെ മറികടന്ന് നിയമസഭാ സമ്മേളനം വിധിച്ച ഗവർണർ ജെ.പി. രാജ്ഖോവറുടെ നടപടി കോടതി റദ്ദാക്കി.

കൂടാതെ നബാംടുക്കിയുടെ നേതൃത്വത്തിലുള്ള മുൻ കോൺഗ്രസ് സർക്കാറിനെ സുപ്രീംകോടതി പുന:സ്ഥാപിച്ചു. പുറത്താക്കപ്പെട്ട മുഖ്യമന്ത്രി നബാംടുക്കി സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ സുപ്രധാന വിധി. കോടതി വിധി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണെന്നും ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ വ്യക്തമാക്കി.