മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ പി.എയ്‌ക്കെതിരെ വിജിലന്‍സ് കേസ്

single-img
7 July 2016

CN-Bala

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ പി.എ ലിജോ ജോസഫിനെതിരെ വിജിലന്‍സ് കേസെടുത്തു. ലിജോ ജോസഫ് ഒരു കോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.ഇതേത്തുടര്‍ന്ന് തൃശൂര്‍ അരണാട്ടുകരയിലുള്ള ലിജോയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയാണ്.

എറണാകുളം വിജിലന്‍സ് ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലിജോയുടെ അരണാട്ടുകരയിലുള്ള വീട്ടില്‍ പരിശോധന നടത്തുന്നത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച റെയ്ഡില്‍ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച നിരവധി രേഖകള്‍ പിടിച്ചെടുത്തു. പരിശോധന ഇപ്പോഴും തുടരുകയാണ്.

തൃശൂര്‍ ജില്ലയിലെ മൂന്ന് സ്ഥലങ്ങളിലായി ലിജോ ഒരു കോടിയിലേറെ രൂപ വില വരുന്ന ഭൂമി വാങ്ങിയതായും അമ്മയുടെ പേരില്‍ 30 ലക്ഷം രൂപ തൃശൂരിലെ ഒരു ബാങ്കില്‍ നിക്ഷേപിച്ചതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.