ആനയറ വേൾഡ് മാർക്കറ്റിലെ തട്ടിപ്പ് കൈയ്യോടെ പിടികൂടി കൃഷിമന്ത്രി

single-img
7 July 2016

vs-sunilkumar.jpg.image.784.410

തിരുവനന്തപുരം: ആനയറ മാര്‍ക്കറ്റിലെ ഹോര്‍ട്ടിക്കോര്‍പ്പിന്റെ സംഭരണ വിതരണ ശാലയില്‍ കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറിന്റെ മിന്നല്‍ പരിശോധന.

കര്‍ഷകരില്‍ നിന്നെന്ന പേരില്‍ ചാല മാർക്കറ്റിൽ നിന്നുള്ള മൊത്തക്കച്ചവടക്കാരില്‍ നിന്നും പച്ചക്കറി വാങ്ങി വില്‍ക്കുകയാണ് ഇവിടെ ചെയ്തിരുന്നതെന്ന് മന്ത്രി കണ്ടെത്തി.മാർക്കറ്റിൽ തമിഴ്നാട് പച്ചക്കറികൾ വിറ്റഴിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയും കൃഷി വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയും മന്ത്രിയുടെ പേഴ്സണൽ സ്‌റ്രാഫംഗങ്ങളും രാവിലെ ആറു മണിക്ക് ആനയറ വേൾഡ് മാർക്കറ്റിൽ എത്തിയത്. നാടന്‍ കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ വാങ്ങി വില്‍ക്കുകയാണെന്ന പേരിൽ വിറ്റുകൊണ്ടിരുന്നത് ചാലയിലെ മൊത്തക്കച്ചവടക്കാരിൽ നിന്ന് വാങ്ങിയ തമിഴ്നാട് പച്ചക്കറി.ഹോര്‍ട്ടികോര്‍പ്പിന്റെ രജിസ്റ്ററില്‍ നിന്നും കണ്ടെടുത്ത രണ്ട് മൊത്തകച്ചവടക്കാരുടെ നമ്പറുകളിലേക്ക് മന്ത്രി തന്നെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ സ്ഥിരീകരിച്ചു.
തലസ്ഥാനത്തെ കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങൾ അവരിൽ നിന്ന് നേരിട്ട് വാങ്ങി വിറ്റഴിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആനറയിൽ വേ‌ൾഡ് മാർക്കറ്റ് തുടങ്ങിയത്. എന്നാൽ, പിന്നീടത് ലക്ഷ്യം തെറ്റി തമിഴ്നാട് പച്ചക്കറിയുടെ കേന്ദ്രമായി മാറുകയായിരുന്നു. നേരത്തെതന്നെ ഇത്തരത്തിൽ പരാതികൾ ഉണ്ടായിരുന്നെങ്കിലും പുതിയ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഇക്കാര്യം പരിശോധിക്കാൻ നേരിട്ട് എത്തുകയായിരുന്നു. ഹോർട്ടി കോർപ്പിലെ അടക്കമുള്ള ചില ഉദ്യോഗസ്ഥരും ഇടനിലക്കാരും അടങ്ങുന്ന വൻ ലോബിയാണ് ഇവിടെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നെതെന്ന് പരിശോധനയിൽ മന്ത്രിക്കും സംഘത്തിനും മനസ്സിലാക്കാൻ കഴിഞ്ഞു.

കര്‍ഷകരില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിന്റെ രേഖകളൊന്നും ഇവിടെ കാണാന്‍ സാധിച്ചില്ലെന്നും. ചാലയില്‍ നിന്നുമുള്ള മൂന്നാം തരം സാധനങ്ങളാണ് ഇവിടെ വില്‍ക്കുന്നതെന്ന് തനിക്ക് നേരിട്ട് ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.