ജൂണോ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍

single-img
5 July 2016

_90276211_nasa-juno

ശാസ്ത്രലോകത്തിന് പ്രതീക്ഷയേകി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ ജൂണോ പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു.നാലു വർഷവും 10 മാസവും 29 ദിവസവുംകൊണ്ട് 290 കോടി കിലോമീറ്റർ സഞ്ചരിച്ചാണു ജൂണോ വ്യാഴത്തിന്റെ അടുത്തെത്തെത്തിയത്. 20 മാസംവരെ പേടകം വ്യാഴത്തെ ഭ്രമണം ചെയ്യും. അതിനു ശേഷം വ്യാഴത്തിന്റെ ഉപരിതലത്തിലേക്കു പതിക്കും

പേടകത്തെ ഗ്രഹത്തിന്റെ പ്രാഥമിക ഭ്രമണപഥത്തില്‍ സുരക്ഷിതമായി എത്തിച്ചതായി നാസ അറിയിച്ചു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ശേഷമാണ് ജൂനോ ദൗത്യം വിജയിച്ചത്.

വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണം അതിജീവിച്ചാണ് പേടകം ഭ്രമണപഥത്തിലേക്കു മാറിയത്. 1600 കിലോഗ്രാം ഭാരമുള്ള ജൂണോ ശബ്ദത്തിന്റെ 215 ഇരട്ടി വേഗത്തിലാണു സഞ്ചരിച്ചിരുന്നത്. വ്യാഴത്തിനരികെ എത്തുമ്പോള്‍ വേഗം മണിക്കൂറില്‍ രണ്ടു ലക്ഷത്തി അറുപത്തിആറായിരം കിലോമീറ്റര്‍ എത്തിച്ചിരുന്നു. 35 മിനിറ്റോളം പ്രധാന എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചശേഷമാണ് വേഗത കുറച്ചത്. നിശ്ചിത സമയത്ത് എന്‍ജിന്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജൂണോ വ്യാഴത്തെയും കടന്ന് അനന്തതയിലേക്കു പോകുമായിരുന്നു.

2011 ഓഗസ്റ്റ് അഞ്ചിനാണു ഫ്ളോറിഡയിൽ നിന്നു ജുണോ വിക്ഷേപിച്ചത്. സൗരയൂഥത്തിലെ ഭീമൻ ഗ്രഹമായ വ്യാഴം(ജൂപ്പിറ്റർ) ജ്യോതിശാസ്ത്രജ്‌ഞർക്ക് എന്നും ഒരു പഠനവിഷയമാണ്. ഭൂമിക്ക് ചന്ദ്രൻ മാത്രം ഉപഗ്രഹമായുള്ളപ്പോൾ വ്യാഴത്തിനെ 67 സ്വാഭാവിക ഉപഗ്രഹങ്ങൾ വലംവയ്ക്കുന്നുണ്ട്. വ്യാഴത്തിന്റെ ജനനത്തെക്കുറിച്ചറിയാതെ സൗരയൂഥത്തിന്റെ പിറവിയെയും ഭൂമിയുടെ ഉൽപ്പത്തിയെയും കുറിച്ചുള്ള പഠനം അപൂർണമാണ്. അതാണ് ജൂണോയുടെ ലക്ഷ്യവും. ഗ്രഹത്തിന്റെ 4800 കിലോമീറ്റർ ഉയരത്തിൽ മേഘങ്ങളെ തൊട്ടു നീങ്ങുന്ന ജൂണോ ശക്‌തമായ അണുപ്രസരണ പാളിയിലൂടെയും കടന്നുപോകും.

ഗ്രീക്ക് ദേവതയായ ജൂണോ യുടെ പേരാണ് പേടകത്തിനു നല്‍കിയിരിക്കുന്നത്. ഗ്രീക്ക് ഇതിഹാസത്തില്‍ ജൂപ്പിറ്ററിന്റെ ഭാര്യയാണ് ജൂണോ. പേടകത്തിന്റെ സ്ഥാനവും എന്‍ജിന്‍ പ്രവര്‍ത്തിക്കുന്ന സമയവും കൃത്യമായി ലഭിക്കുന്നതോടെ അടുത്ത പതിനെട്ടു മാസം ജൂണോ വ്യാഴത്തെ ഭ്രമണം ചെയ്ത് ഗ്രഹത്തെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ നല്‍കുമെന്നാണു നാസ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.