ഐസ്‌ക്രീം കേസില്‍ സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരം: വി.എസ്

single-img
5 July 2016

Achuthanandan_jpg_1241752f
ഐസ്ക്രീം പാർലർ കേസിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് വി.എസ് അച്യുതാനന്ദൻ രംഗത്തെത്തി. കേസിൽ വി.എസിന് തിരിച്ചടി നേരിട്ടതിനു പിന്നാലെയാണ് സർക്കാർ അഭിഭാഷകനെ വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജന്റെ നിയമോപദേഷ്ടാവ് എം.കെ ദാമോദരനെ പരോക്ഷമായി കുത്തിയും വി.എസ് രംഗത്ത് എത്തിയിരിക്കുന്നത്. പാവപ്പെട്ട പെൺകുട്ടികൾക്കുവേണ്ടിയാണ് താൻ കോടതിയിൽ പോയത്. രാഷ്ട്രീയപ്രേരിതമായിട്ടാണ് താൻ കേസുമായി മുന്നോട്ടു പോകുന്നതെന്ന് കോടതി നിരീക്ഷണം നടത്തരുതായിരുന്നു. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനെ കെട്ടുകെട്ടിച്ചത് താൻ കേസുകൊടുത്തിട്ടാണെന്നും വിഎസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു

സുപ്രീംകോടതിയില്‍ വി.എസിന്റെ ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. സര്‍ക്കാര്‍ വാദം അംഗീകരിച്ചുകൊണ്ട്‌ രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ കോടതിയെ ഉപയോഗിക്കരുതെന്ന രൂക്ഷമായ വിമര്‍ശനത്തോടെയാണ് സുപ്രീംകോടതി വി.എസിന്റെ ഹര്‍ജി തള്ളിയത്.
ഐസ്ക്രീം പാർലർ കേസ് അട്ടിമറിക്കാൻ നേതൃത്വം നൽകിയത് അന്നത്തെ അഡ്വക്കറ്റ് ജനറലും നിലവിൽ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവുമായ അഡ്വ. എം.കെ.ദാമോദരനായിരുന്നെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. വി.എസിന്റെ അഭിഭാഷകൻ ഇക്കാര്യം സുപ്രീം കോടതിയിൽ പറയുകയും ചെയ്തു. കേസ് അട്ടിമറിക്കാൻ ഉന്നതതല ഗൂഢാലോചനയാണു നടന്നതെന്നും അതിനു നേതൃത്വം നൽകിയത് അന്നത്തെ അഡ്വക്കറ്റ് ജനറൽ എം.കെ. ദാമോദരനായിരുന്നെന്നുമാണ് വി.എസിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. ഇതിന്റെ ഭാഗമായാണ് സാന്റിയാഗോ മാർട്ടിന്റെ ലോട്ടറി കേസ് വി.എസ് സൂചിപ്പിച്ചതെന്നു കരുതുന്നു. അന്യസംസ്‌ഥാന ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനു വേണ്ടി അഡ്വ. എം.കെ. ദാമോദരൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹാജരായിരുന്നു. ലോട്ടറി തട്ടിപ്പ് കേസിനെ തുടർന്ന് 10 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയ കേന്ദ്ര എൻഫോഴ്സ്മെന്റ് നടപടിയാണ് എം.കെ. ദാമോദരൻ വഴി സാൻഡിയാഗോ മാർട്ടിൻ ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്.