ലോട്ടറി തട്ടിപ്പുകേസില്‍ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എം.കെ ദാമോദരന്‍

single-img
5 July 2016

LOTTERY]

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേശകന്‍ എം.കെ ദാമോദരന്‍ ഹൈക്കോടതിയില്‍. ലോട്ടറി തട്ടിപ്പുകേസില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ സ്വത്തുക്കള്‍ ജപ്തി ചെയ്ത കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയാലാണ് എം.കെ ദാമോദരന്‍ ഹാജരായത്.10 കോടിയോളം രൂപയുടെ വസ്‌തുവകകളാണ്‌ കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ്‌ വിഭാഗം കണ്ടുകെട്ടിയത്‌. മാര്‍ട്ടിനെതിരേ വഞ്ചനയ്‌ക്കും ക്രിമിനല്‍ ഗൂഢാലോചനയ്‌ക്കുമടക്കം കേസെടുത്ത സര്‍ക്കാര്‍ നടപടി കേന്ദ്ര ലോട്ടറി ചട്ടങ്ങളുടെ ലംഘനമാണെന്നും ഇവ നിലനില്‍ക്കുന്നതല്ലെന്നുമാണ്‌ മാര്‍ട്ടിന്റെ വാദം.

സിക്കിം സര്‍ക്കാരിന്റെ ലോട്ടറി വില്‍പ്പനയുമായി ബന്ധപ്പെട്ടാണ്‌ സംസ്‌ഥാന സര്‍ക്കാരിന്റെ പരാതിയില്‍ സി.ബി.ഐ. കേസെടുത്ത്‌ എറണാകുളം സി.ജെ.എം. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌. ലോട്ടറി വില്‍പ്പനയിലും നടത്തിപ്പിലും ക്രമക്കേടുണ്ടെങ്കില്‍ സിക്കിം സര്‍ക്കാരിനാണു പരാതി നല്‍കേണ്ടതെന്നും കേരള സര്‍ക്കാരിന്റെ പരാതിയില്‍ കേസെടുക്കാനാവില്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ. ദാമോദരന്‍ വാദിച്ചു.

സാന്റിയാഗോ മാര്‍ട്ടിന്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസുകളില്‍ അന്വേഷണം അവസാനിപ്പിച്ച സി.ബി.ഐ നടപടിക്കും ഇത് അംഗീകരിച്ച കീഴ്‌കോടതി നിലപാടിനുമെതിരെയുള്ള സര്‍ക്കാരന്റെ റിവിഷന്‍ ഹരജി പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ മാര്‍ട്ടിന് വേണ്ടി ഹൈകോടതിയിലെത്തുന്നത്.

 

അതേസമയം, സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ ദാമോദരന്‍ കോടതിയില്‍ ഹാജരായതിനെതിരെ കടുത്ത വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. ഈ സര്‍ക്കാരിന്റെ മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പും സാന്റിയാഗോ മാര്‍ട്ടിനാണെന്നും എം.കെ ദാമോദരന്‍ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരായത് ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാര്‍ട്ടിന്‍ കേരളത്തില്‍ നിന്ന് 80,000 കോടി കടത്തിക്കൊണ്ടു പോയി എന്ന് ആരോപിച്ച ആളാണ് വി.എസ് അച്യുതാനന്ദന്‍ . അദ്ദേഹം ഇക്കാര്യത്തില്‍ പ്രതികരിക്കണം. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാര്‍ട്ടിന് അവരുമായി ബന്ധമുണ്ടെന്ന രേഖാമൂലമുള്ള തെളിവ് വന്നതാണ്. അന്ന് അതിന് കാര്‍മികത്വം വഹിച്ച ഇ.പി ജയരാജന്‍ ഇന്ന് ഈ മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരനാണ്. അതു കൊണ്ട് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.