കോഴിക്കോട് കളക്ടറെ കഴുതയെന്നും ഊളയെന്നും വിളിച്ചു കോൺഗ്രസ് മുഖപത്രം വീക്ഷണം

single-img
4 July 2016

veeksanum

എംകെ രാഘവന്‍ എംപിയുമായുള്ള തര്‍ക്കത്തില്‍ കോഴിക്കോട് കളക്ടറെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ഒരു ജനപ്രതിനിധിക്കെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തുന്ന ഒരു കളക്ടര്‍ കോഴിക്കോടിന്റെ ചരിത്രത്തിലുണ്ടായിട്ടില്ലെന്ന് വീക്ഷണം പത്രത്തിന്റെ മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു. മാധ്യമ പ്രസിദ്ധി നേടാന്‍ കഴുതക്കാല് പിടിക്കാന്‍ മാത്രമല്ല സ്വയം കഴുതയാവാനും അദ്ദേഹത്തിന് യാതൊരു മടിയുമില്ലെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശമുണ്ട്.

കൊമ്പുണ്ടെന്ന് കലക്ടർക്ക് തോന്നിയാൽ സർക്കാർ ആ കൊമ്പ് മുറിക്കണം. കലക്ടർക്ക് ജനാധിപത്യത്തോടുതന്നെ പുച്ഛമാണെന്നും വീക്ഷണം പത്രത്തിലെ മുഖപ്രസംഗം ആക്ഷേപിക്കുന്നു. സാമൂഹ്യദ്രോഹികളുടെ വഴിയാണ് കലക്ടർ തിരഞ്ഞെടുത്തിരിക്കുന്നത്. ആരോപണങ്ങൾക്ക് മറുപടി നൽകാതെ മാപ്പിടുന്നത് ആണത്തമല്ല. ഊളത്തരമാണ്. ഊളകൾക്ക് ഇരിക്കാനുള്ള ഇടമല്ല ജില്ലാ കലക്ടർ പദവിയെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി.

തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിച്ച കലക്ടര്‍ മാപ്പു പറയണമെന്ന് എംപി ആവശ്യപ്പെട്ടപ്പോള്‍ ഫെയ്‌സ്ബുക്കില്‍ കുന്നംകുളത്തിന്റെ മാപ്പ് പോസ്റ്റ് ചെയ്ത എന്‍. പ്രശാന്തിന്റെ നടപടി ഏറെ വിവാദമായിരുന്നു. ഒടുവില്‍ ഇന്നലെ കലക്ടര്‍ എംപിയോട് നിരുപാധികം ക്ഷമ ചോദിച്ചിരുന്നു. പറഞ്ഞതും ചെയ്തതും തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തില്‍ കലക്ടര്‍ മാറി ചിന്തിച്ചത് പോസിറ്റീവായി കാണുന്നുവെന്നാണ് എംപിയുടെ പ്രതികരണം. തനിക്ക് പ്രശാന്തുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ല. എംപിയെ പരിഹസിച്ചതിന് കലക്ടര്‍ മാപ്പു ചോദിച്ചാല്‍ കോഴിക്കോട്ടെ ജനങ്ങള്‍ അദ്ദേഹത്തോട് പൊറുക്കുമെന്നുമാണ് എം.കെ. രാഘവന്‍ എംപി പ്രതികരിച്ചത്.