ഗർഭാവസ്ഥയിൽ അമ്മമാർ പാരസെറ്റമോള് കഴിച്ചാൽ കുട്ടികൾക്ക് ഓട്ടിസം സംഭവിച്ചേക്കാമെന്ന് പഠനം

es-bueno-el-paracetamolഗർഭാവസ്ഥയിൽ അമ്മമാർ പാരസെറ്റമോള് ഉപയോഗിച്ചാല് കുട്ടികള്ക്ക് ഓട്ടിസം സംഭവിച്ചേക്കാമെന്ന് പഠനം. ഒരു സംഘം സ്പാനിഷ് ഗവേഷകരാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. 2,644 അമ്മമാരെ ഇതിനായി പഠനവിധേയരാക്കിയെന്ന് ഗവേഷകര് പറയുന്നു. ഏതൊക്കെ മരുന്നുകളാണ് ഗര്ഭാവസ്ഥയില് ഉപയോഗിച്ചതെന്നായിരുന്നു പ്രധാനമായും നിരീക്ഷിച്ചത്.
ഇവരില് പാരസെറ്റമോള്, വേദന സംഹാരി തുടങ്ങിയവ ഉപയോഗിക്കുന്നവരുടെ കുട്ടികളില് ഓട്ടിസവും കുട്ടികളിലുളള വളര്ച്ചാക്കുറവും സംഭവിക്കുന്നതായി ഗവേഷകര് കണ്ടെത്തി. ചില കുട്ടികളില് വേഗതയോടെ പ്രതികരിക്കാനും മറ്റുമുള്ള ശേഷി ഇല്ലാതാകുന്നുണ്ടെന്നും ഗവേഷകര് പറയുന്നു.
അഞ്ചുവയസാകുമ്പള് കുട്ടികളില് പഠനവൈകല്യവും മറ്റും ഇതുമൂലം കണ്ടുവരുന്നുണ്ട്. അതേസമയം നാഷണല് ഔട്ട്സ്റ്റിക് സൊസൈറ്റി പറയുന്നത് ഇതേക്കുറിച്ച് അന്തിമമായ നിഗമനത്തിലെത്തിയിട്ടില്ലെന്നാണ്. ജനിതക വൈകല്യം ഉള്പ്പെടെ പല കാരണങ്ങള് കൊണ്ടും ഓട്ടിസം കണ്ടുവരുന്നുണ്ട്. പാരസെറ്റമോള് ഓട്ടിസത്തിന് കാരണമാകുന്നുണ്ടോയെന്നുള്ള കാര്യത്തില് കൂടുതല് പഠനങ്ങള് അനിവാര്യമാണ്.
വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പാരസെറ്റമോള് മനുഷ്യരില് കാര്യമായ പാര്ശ്വഫലങ്ങള് ഉളവാക്കുന്നുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഡോക്ടര്മാരുടെ പ്രത്യേക നിര്ദ്ദേശപ്രകാരമല്ലാതെ ഇവ കഴിക്കരുതെന്നും വിദഗ്ധര് മുന്നറിയിപ്പു നല്കുന്നുണ്ട്. എന്നാല്, ഡോക്ടര്മാരുടെ കുറിപ്പടിയില്ലാതെ ഏറ്റവും കൂടുതല് വില്ക്കപ്പെടുന്ന മരുന്നുകളില് ഒന്നാണ് പാരസെറ്റമോള്.