സ്വാതി കൊലക്കേസില്‍ പ്രതി പിടിയില്‍

single-img
2 July 2016

swathi ramkumar

നുങ്കംപക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരിയായ സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. തിരുനെല്‍വേലി മീനാക്ഷിപുരം സ്വദേശി റാംകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 22കാരനായ റാംകുമാര്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. ഇന്നലെ രാത്രി ചെങ്കോട്ടയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

കൊലപ്പെട്ട എസ്. സ്വാതിയുടെ (23) വീടിനു സമീപമായിരുന്നു ഇയാൾ താമസിച്ചിരുന്നത്.കഴിഞ്ഞ മാസം 24ന് രാവിലെയാണ് ഇൻഫോസിസ് ജീവനക്കാരി ചോളൈമേട് സൗത്ത് ഗംഗൈയമ്മ കോവിൽ സ്ട്രീറ്റിലെ സ്വാതിയെ നുങ്കംപാക്കം റെയിൽവെ സ്റ്റേഷനിൽ വെട്ടിക്കൊലപ്പെടുത്തിയത്. മാരമലൈ നഗറിലുള്ള മഹീന്ദ്ര ടെക് പാർക്കിൽ ജോലി ചെയ്യുന്ന സ്വാതി ഓഫീസിൽ പോകാൻ ട്രെയിൻ കാത്തുനിൽക്കെയായിരുന്നു സംഭവം. സ്വാതിയും ഒരു യുവാവും തമ്മിൽ വാക്കു തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് വെട്ടിവീഴ്ത്തുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു.കഴിഞ്ഞ ദിവസം പോലീസ് പ്രതിയുടെതെന്നു കരുത്തുന്ന സിസിടിവി ദൃശ്യവും പുറത്തുവിട്ടിരുന്നു.

അതേസമയം കസ്റ്റഡിയിലെടുക്കാന്‍ പൊലീസുകാര്‍ വളഞ്ഞപ്പോള്‍ ഇയാള്‍ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. 60 ശതമാനം പരിക്കുള്ള റാംകുമാറിനെ ആദ്യം തെങ്കാശി സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് തിരുനല്‍വേലി മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിച്ചു. പരിക്കുകള്‍ സാരമുള്ളതല്ലെന്ന് ഡോക്ടര്‍ പറഞ്ഞു.