ഇറാഖില്‍ അമേരിക്കന്‍ വ്യോമാക്രമണം: 250 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

single-img
1 July 2016

വാഷിംഗ്ടണ്‍: ഇറാഖിലെ ഫലൂജയില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 250 ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. ഇതുവരെ സഖ്യസേന നടത്തിയതില്‍ ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇറാഖിലെ ഫലൂജ നഗരത്തിന് ചുറ്റുമായാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. നഗരത്തിന് തെക്കുഭാഗത്തായാണ് ആക്രമണമുണ്ടായത്. നാല്‍പ്പതോളം വാഹനങ്ങളും ആക്രമണത്തില്‍ തകര്‍ന്നതായാണ് കണക്കാക്കുന്നത്.

2014 മുതല്‍ ഇറാഖിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഫലൂജ ഐഎസിന്റെ അധീനതയിലായിരുന്നു. ഫലൂജ തിരിച്ചു പിടിക്കാന്‍ ഇറാഖി സൈന്യം മാസങ്ങളായി ഭീകരരുമായി കടുത്ത പോരാട്ടത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഫലൂജയിലെ ഐഎസിന്റെ ശക്തി കേന്ദ്രം പിടിച്ചെടുത്തതായി ഇറാഖി സൈന്യം അവകാശപ്പെട്ടിരുന്നു.

ഇസ്താംബൂളിലെ അടാടെര്‍ക് വിമാനത്താവളത്തില്‍ ഐഎസ് നടത്തിയ ആക്രമണത്തിന് പിന്നാലെ 24 മണിക്കൂറിനുളളിലാണ് ഈ തിരിച്ചടിയെന്നതും ശ്രദ്ധേയമാണ്. ഇസ്താംബൂളിലെ ആക്രമണത്തിന് പിന്നില്‍ ഐഎസാണെന്ന് തുര്‍ക്കി ആരോപിച്ചിരുന്നു. ബുധനാഴ്ച നടന്ന ആക്രമണത്തില്‍ 42 പേരുടെ ജീവനാണ് പൊലിഞ്ഞത്. നൂറിലേറെ പേര്‍ക്ക് പരിക്കുണ്ട്.