പിണറായിയുടെ തമ്പ്രാന്‍ ഭരണത്തിനുകീഴില്‍ അധഃസ്ഥിതര്‍ക്ക് ജീവിക്കാന്‍ വയ്യെന്ന അവസ്ഥയാണെന്ന് കുമ്മനം

single-img
30 June 2016

dc-Cover-8cd2ihghkv1sb6fk5nqk0q9dl1-20160226070749.Medi
പിണറായി വിജയന്റെ തമ്പ്രാന്‍ ഭരണത്തിനുകീഴില്‍ അധഃസ്ഥിതര്‍ക്ക് ജീവിക്കാന്‍ വയ്യെന്ന അവസ്ഥയാണിന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭരണകൂടത്തിന്റെ ഒത്താശയോടെ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നതിനാലാവാം ചിലര്‍ നിയമസംവിധാനത്തിനു പുല്ലുവില കല്പിച്ചു തുടങ്ങിയത്. മങ്കടയില്‍ ഒരു യുവാവിനെ സദാചാര പോലീസ് ചമഞ്ഞു നാട്ടുകാര്‍ തല്ലികൊന്നത്, ഉത്തര്‍പ്രദേശും പ്രബുദ്ധ കേരളവും തമ്മിലുള്ള ദൂരം അത്രയധികമല്ല എന്നല്ലേ സൂചിപ്പിക്കുന്നതെന്ന് ബിജെപി അധ്യക്ഷൻ ചോദിച്ചു.ഫേസ്ബുക്കിലൂടെ ആയിരുന്നു കുമ്മനത്തിന്റെ പ്രതികരണം

കുമ്മനത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പിണറായി വിജയന്റെ തമ്പ്രാന്‍ ഭരണത്തിനു കീഴില്‍ അധഃസ്ഥിതര്‍ക്കു ജീവിക്കാന്‍ വയ്യെന്ന അവസ്ഥയാണിന്നു. കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടത്തിവരുന്ന അക്രമം സംസ്ഥാനത്തെ അരാജകത്വത്തിലേക്കാണ് നയിക്കുന്നത്. സി പിഎം അല്ലാത്തവരെയും സിപിഎമ്മിനെതിരെ സംസാരിക്കുന്നവരെയും ഉന്‍മൂലനം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. പൊലീസ് നിഷ്‌ക്രിയമായിരിക്കുന്നു. കഴിഞ്ഞ ഒന്നര മാസം കൊണ്ടു സംസ്ഥാനത്ത് എത്ര അക്രമസംഭവങ്ങളാണുണ്ടായത് ?

കുട്ടിമാക്കൂലില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദലിത് യുവതികള്‍ക്ക് അവരുടെ സ്ഥലത്ത് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയുണ്ടാക്കി. അമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചുവെന്ന ഒറ്റക്കാരണത്താല്‍ കല്യാശേരിയില്‍ ഒരു വനിതാ ഡോക്ടറെ അവരുടെ ക്ലിനിക്ക് തുറക്കാന്‍ അനുവദിക്കുന്നില്ല. മുഴക്കുന്ന് പഞ്ചായത്തില്‍ ഏഴു വയസ്സുള്ള ബാലനെ വടിവാള്‍ കൊണ്ടു വെട്ടി. ഇന്നലെ പുലര്‍ച്ചെ കുട്ടിയുടെ വീടിനുനേരെ ആക്രമണവുമുണ്ടായി. എന്നിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ല. ഡിജിപി പോലും മിണ്ടുന്നില്ല.

ഭരണകൂടത്തിന്റെ ഒത്താശയോടെ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നതിനാലാവാം ചിലര്‍ നിയമസംവിധാനത്തിനു പുല്ലുവില കല്പിച്ചു തുടങ്ങിയത്. മങ്കടയില്‍ ഒരു യുവാവിനെ സദാചാര പോലീസ് ചമഞ്ഞു നാട്ടുകാര്‍ തല്ലികൊന്നത്, ഉത്തര്‍പ്രദേശും പ്രബുദ്ധ കേരളവും തമ്മിലുള്ള ദൂരം അത്രയധികമല്ല എന്നല്ലേ സൂചിപ്പിക്കുന്നത്?

സിപി എമ്മിന് വിരോധം തോന്നിയാല്‍ കേരളത്തില്‍ ജീവിക്കാനാകില്ല എന്ന അവസ്ഥയാണ് ഉള്ളത്. അക്രമത്തിലൂടെ പ്രസ്ഥാനം ശക്തിപ്പെടുത്താമെന്ന കാലഹരണപ്പെട്ട തത്വശാസ്ത്രമാണ് ഇപ്പോഴും സിപിഎം പിന്തുടരുന്നത്. ആ പാര്‍ട്ടി മാത്രം വിചാരിച്ചാല്‍ കേരളത്തില്‍ സമാധാനാന്തരീക്ഷമുണ്ടാകും. സംസ്ഥാനത്തെ സൈ്വരജീവിതം ഉറപ്പാക്കാന്‍ സിപിഎമ്മുമായി സംവാദത്തിന് തയാറാണെന്ന് ബിജെപി നേരത്തെ പറഞ്ഞതാണ്. അവര്‍ തയാറാകാത്തതിനാല്‍ അത് നടന്നില്ല. ബിജെപി ഇപ്പോഴും സംവാദത്തിനു തയാറാണ്. സിപിഎം അക്രമത്തിനെതിരെ ജനാധിപത്യവിശ്വാസികളെ അണിനിരത്തി പ്രക്ഷോഭവും ജനകീയ കണ്‍വന്‍ഷനുകളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.