ജലസുരക്ഷയുടെ ശരിവഴികളെ അവതരിപ്പിക്കുന്ന വിഡിയോ കാണാം

single-img
30 June 2016
Family at the swimming pool

Family at the swimming pool

ആശ്രദ്ധമായ ചില നിമിഷങ്ങൾ ഒരു ജീവൻ നഷ്ടപ്പെടുത്തിയേക്കാം…ഓരോ ജലാശയത്തിനും നിരവധി പേരുടെ മരണത്തിന്റെ കഥകൾ പറയാനുണ്ട്..അമിതാഹ്ലാദവും ആശ്രദ്ധയുമാണ് പലപ്പോഴും ഇത്തരം മരണങ്ങൾക്ക് കാരണമാകുന്നത്.മുങ്ങിമരണങ്ങൾ നമുക്കിടയിൽ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്..

കേരളത്തിൽ മഴക്കാലത്തും മറ്റു കാലാവസ്ഥകളിലും പുഴകളിൽ മുങ്ങിമരിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്.കൊച്ചു കുട്ടികൾ മുതൽ വയോധികർ വരെ ഇതിൽ ഉൾപ്പെടും.സൂക്ഷ്മതയില്ലാത്ത സമീപനം കൊണ്ടാണ് ഇത്തരം മരണങ്ങൾ ഉണ്ടാകുന്നതെന്നാണ് ദുരന്ത നിവാരണ അതോറിട്ടി അധികൃതർ വ്യക്തമാക്കുന്നത്.മഴക്കാലത്തു കുത്തൊഴുക്കുള്ള പുഴകളിൽ കുളിക്കാൻ ഇറങ്ങുമ്പോൾ ആഴം കൂടിയ ഭാഗത്തേക്ക് പോകാതിരിക്കുകയാണ് ഉത്തമം.ഇത്തരം പുഴകളുടെ തീരങ്ങളിൽ മഴക്കാലത്തു സൂചനാ ബോർഡുകൾ ജില്ലാ അധികൃതർ കർശനമായി സ്ഥാപിക്കണമെന്നു നിർദ്ദേശമുണ്ടെങ്കിലും അതു കൃത്യമായി നടപ്പാക്കാറില്ല.

ഇന്ത്യയിൽ പ്രതിദിനം 80 മുങ്ങി മരണങ്ങൾ സംഭവിക്കുന്നു എന്നാണ് നാഷണൽ ക്രൈം റെക്കോർഡ് ബ്യുറോയുടെ കണക്ക് സൂചിപ്പിക്കുന്നത്.ഇന്ത്യയിൽ അസ്വാഭാവിക മരണത്തിൽ രണ്ടാം സ്ഥാനമാണ് മുങ്ങിമരണത്തിനുള്ളത്.ലോകത്തു ആകെ സംഭവിക്കുന്ന മുങ്ങിമരണങ്ങളിൽ 8 ശതമാനവും നമ്മുടെ രാജ്യത്താണ്.ഇതിൽ ഭൂരിഭാഗം വിദ്യാര്ഥികളോ കുട്ടികളോ ആണ്.
അനധികൃത മണലൂറ്റ് നടത്തുന്ന പുഴകളിലും അപകടക്കെണികൾ ധാരാളമാണ്.ഇത്തരം അപകടങ്ങളുടെ എണ്ണത്തിൽ ക്രമാതീതമായ വര്ധനയുണ്ടാക്കുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.സംസ്ഥാന സ്കൂൾ വിദ്യാഭ്യാസത്തിൽ നീന്തൽ ഒരു ഐച്ഛിക വിഷയമാക്കി മാറ്റേണ്ടതിന്റെ ആവശ്യകത ശക്തമാണ്.

മുറ്റത്ത് തെങ്ങുവെക്കാൻ എടുക്കുന്ന കുഴിമുതൽ ഫ്‌ളാറ്റിലെ ബക്കറ്റിൽ വരെ വീണാണ് കുട്ടികൾ മരിക്കുന്നത്‌.അപകട സാധ്യതയുള്ള വെള്ളത്തിന്റെ സ്രോതസ്സുകളെപ്പറ്റി മുതിർന്നവർക്കുപോലും അറിവ് കുറവാണ്..വെള്ളത്തിന്റെ അപകട സാധ്യതയെപറ്റി കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ പഠിപ്പിക്കുന്നതാണ് മുങ്ങിമരണം കുറയ്ക്കാൻ ഏറ്റവും നല്ലതു.

മുങ്ങിമരണങ്ങളെ പേടിച്ച് കുട്ടികളെ വീട്ടിലിരുത്തുകയല്ല വേണ്ടത്;മറിച്ച് അവരെ നീന്തൽ പഠിപ്പിക്കുകയും സുരക്ഷിതമായി വെള്ളത്തിൽ കളിക്കാനും കുളിക്കാനും ഒക്കെയുള്ള സംവിധാനവും സാഹചര്യവും ഉണ്ടാക്കുകയാണ് വേണ്ടത്.അതിലൂടെ മാത്രമേ ഇത്തരം ദുരന്തങ്ങളെ അതിജീവിക്കാൻ സാധിക്കൂ…

പ്രതിദിനം 5 പേർ! വേണ്ടത്രം മുൻകരുതലെടുത്താൽ, തക്കസമയത്ത് ശരിയായ പ്രഥമശുശ്രൂഷ നൽകിയാൽ ഒക്കെ ഈ മരണസംഖ്യ ഗണ്യമായി കുറച്ചുകൊണ്ടുവരാനാകും.ജലസുരക്ഷയുടെ ശരിവഴികളെ അവതരിപ്പിക്കുന്ന വിഡിയോ കാണാം.

ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണവിഭാഗം തലവനായ ശ്രീ. മുരളി തുമ്മാരുകുടിയാണ് ഈ ഹ്രസ്വചിത്രത്തിന്റെ പ്രചോദനവും വഴികാട്ടിയും