കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ മാസശമ്പളം 7000-ല്‍ നിന്ന് 18000 ആയി ;ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിന് അംഗീകാരം

single-img
29 June 2016

cabinet-ministers_650x400_51467032719
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാർക്കുള്ള ഏഴാം ശമ്പള പരിഷ്കരണ കമ്മിഷൻ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. ശമ്പളത്തിൽ ശരാശരി 23.55 ശതമാനത്തിന്റെ വർധനയുണ്ടാകും. 2016 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യവും. 55 ലക്ഷം പെൻഷൻകാർക്കും 48 ലക്ഷം ജീവനക്കാർക്കും ഇതുകൊണ്ട് നേട്ടമുണ്ടാകും.ശുപാര്‍ശ നടപ്പിലാക്കുന്നതോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ മാസശമ്പളം 18,000 രൂപയായും, ഏറ്റവും കൂടിയ മാസശമ്പളം രണ്ടര ലക്ഷമായും ഉയരും.ശുപാര്‍ശ നടപ്പാക്കുമ്പോള്‍ 1.02 ലക്ഷം കോടി രൂപയുടെ അധികച്ചെലവുവരും.

റിട്ട. ജസ്റ്റിസ് എ കെ മാത്തൂറിന്റെ അധ്യക്ഷതയിലുള്ള ഏഴാം ശമ്പളക്കമ്മീഷന്‍ കഴിഞ്ഞ നവംബറിലാണ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ കൈമാറിയത്. ശുപാര്‍ശയെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്യാബിനറ്റ് സെക്രട്ടറി പികെ സിന്‍ഹയുടെ അധ്യക്ഷതയിലുള്ള സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന ഉന്നതാധികാര സമിതിയോട് പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരിയില്‍ നിര്‍ദ്ദേശിച്ചിരുന്നു. ക്യാബിനറ്റ് സെക്രട്ടറി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ക്യാബിനറ്റ് നോട്ടാണ് ധനകാര്യമന്ത്രാലയം ഇന്ന് കേന്ദ്രമന്ത്രിസഭയില്‍ അവതരിപ്പിച്ചത്.