ആർത്തവം:വിവിധ മതങ്ങളുടെ വ്യത്യസ്തമായ നിലപാടുകൾ

Screen-Shot-2015-05-07-at-10.18.10സ്ത്രീകളുടെ ജൈവപരമായ സവിശേഷതയാണ് ആർത്തവം.ആർത്തവരക്തത്തിൽ നിന്ന് ആരംഭിക്കുന്ന ഒരു ചരിത്രമാണ് മാനവരാശിയുടേത്.ആർത്തവ രക്തത്തെ വിശുദ്ധവും ശക്തിയുമായി കണക്കാക്കിപ്പോരുന്ന സംസ്‌കാരങ്ങൾ ലോകത്തുണ്ട്.നേരെമറിച്ചു അശുദ്ധമായും കണക്കാക്കുന്നവരുണ്ട്.സ്ത്രീകൾ ഒരു നിശ്ചിത പ്രായം കഴിയുമ്പോൾ ദേവാലയങ്ങളിൽ പ്രവേശിക്കരുത് എന്ന നിയമം പലയിടത്തുമുണ്ട്.ആർത്തവം ആണ് അതിന്റെ ഒരു പ്രധാന ഹേതുവായി കണക്കാക്കുന്നത്.നിരവധി മതങ്ങളും സംസ്ക്കാരങ്ങളും നമ്മുടെ ലോകത്തുണ്ട്.അവയെല്ലാം ആർത്തവം എന്ന ജൈവപരമായ പ്രക്രിയയെ സമീപിക്കുന്നത് വ്യത്യസ്ത തരത്തിലാണ്.

 

ആർത്തവ രക്തത്തെ വിശുദ്ധവും അതിവിശിഷ്ടവുമായ ശക്തിവിശേഷങ്ങൾ ഉള്ളതുമായി കണക്കാക്കി പോരുന്ന സംസ്‌കാരങ്ങൾ ഉണ്ട്.തെക്കേ അമേരിക്കയിലെ ആദിമജനവിഭാഗമായ ഷെറക്കികൾ സ്ത്രൈണശക്തിയുടെ ഉറവിടമായി ആർത്തവരക്തത്തെ കണക്കാക്കിയിരുന്നു.ശത്രുക്കളെ കീഴ്പ്പെടുത്തുന്നതിനും അതിന് ശക്തിയുണ്ടെന്ന് അവർ വിശ്വസിച്ചു.വിവാഹ ബന്ധങ്ങളെ നിലനിർത്തുന്ന സാമൂഹ്യക്രമം ലഘിച്ചതിന് ലഭിച്ച ശിക്ഷ്യയാണ് ആർത്തവം എന്നു വിശ്വസിച്ചിരുന്നവരാണ് മായന്മാർ.ആഭിചാരക്രിയകളിൽ ആർത്തവരക്തം ഉപയോഗിക്കുമ്പോൾ അത് പാമ്പുകളുടെയും ഇഴജന്തുക്കളുടെയും രൂപം സ്വീകരിക്കുകയും അവയിൽനിന്ന് ചാന്ദ്രദേവത ജനിക്കുകയും ചെയ്യും എന്ന വിശ്വാസവും അവർക്കുണ്ടായിരുന്നു.ഉപവാസം,പ്രാർത്ഥന എന്നിവയിൽ നിന്ന് ഋതുമതികളെ വിലക്കുന്ന സമീപനമാണ് യഹൂദമതത്തിന്റേത്.ഒരുപക്ഷേ,സ്ത്രീകളോട് ഏറ്റവും കൂടുതൽ വിവേചനം കാണിക്കുന്ന മതവും ഇതുതന്നെയായിരുക്കും.”ദൈവമേ,നീ എന്നെ സ്ത്രീയായും മൃഗമായും സൃഷിടിക്കാത്തതിന് നിനക്കു സ്ത്രോത്രം”.എന്ന പ്രാര്ഥനയോടു കൂടിയാണ് ഒരു യഹൂദൻ തന്റെ ദിവസം ആരംഭിക്കുന്നത്.യഹൂദൻ സ്ത്രീകളോട് കാട്ടുന്ന വിവേചനത്തിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ് അവരുടെ പ്രഭാത പ്രാർത്ഥന.

 

ഇസ്‌ലാംമതം കുറേക്കൂടി അനുഭാവപൂർണമായ സമീപനമാണ് ഋതുമതികളോട് വച്ചുപുലർത്തുന്നത്.ഈദ്-ഉൽ-അസ്ഹ,ഈദ്-ഉൽ-ഫിത്വർ,പോലുള്ള വിശേഷാവസരങ്ങളിൽ ഋതുമതികൾക് പ്രാർത്ഥനയിൽ പങ്കെടുക്കാൻ അനുവാദമുണ്ട്.എന്നാൽ ആർത്തവക്കാലരതി ഖുർആൻ അനുവദിക്കുന്നില്ല.

 

ഹിന്ദുമതത്തിലേക് വരുമ്പോൾ അനേകശതം കെട്ടുകളാൽ ബന്ധിതമായ ഒരു സ്ത്രീ രൂപത്തെയാണ് നമുക്ക് കാണാൻ കഴിയുന്നത്.ക്ഷേത്രങ്ങളിൽ പ്രവേശിക്കരുത്,പുര തൊടരുത്,കണ്ണ് എഴുതരുത്,മുലകുടിയുള്ള തന്റെ കുട്ടിയെ ഒഴിച്ചു മറ്റാരെയും തൊടാൻ പാടില്ല,ദൂരയാത്ര ചെയ്യരുത്,ഇണപ്പുടവ ഉടുക്കരുത്‌,പൂച്ചൂടരുത്,ഓട്ടുപാത്രത്തിൽ ഉണ്ണരുത്,ഇലയിലാണ് ഉണ്ണേണ്ടത്,സന്ധ്യാസമയം പുറത്തിറങ്ങരുത്,എന്നിവയൊക്കെയാണ് വിലക്കുകൾ.ആർത്തവകാലത്തു സ്ത്രീകളെ വീടുകളിൽ നിന്നു മാറ്റിപാർപ്പിക്കുന്നതിനു പ്രത്യേകം പുറകിൽ ഉണ്ടായിരുന്നു.തീണ്ടാരിയായാൽ ഉടൻ പാർക്കുന്ന വീടുവിട്ട് ഇറങ്ങണമെന്നാണ് നിയമം.പിന്നെ നാലുദിവസം വീടിനു പുറത്തു താമസിക്കേണ്ടതാണ്.ഇത്തരം ആചാരങ്ങളും നീചപ്രവർത്തികളും ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം.തീണ്ടാരിയായ സ്ത്രീയെ അശുദ്ധിയായി കാണുന്നു.അവരെ തൊടുകയോ നിഴൽ ഏല്ക്കുകയോ ചെയ്യുന്നവർ അശുദ്ധരായിത്തീരുന്നു.

 

ശാക്തേയമതം ഭൂമിദേവിയുടെ ആർത്തവകാലം ആഘോഷിക്കുന്നുണ്ട്.ജൂൺ മാസത്തിൽ നടത്തുന്ന ആസ്സാമിലെ അമ്പുബാച്ചി മേള ഒരു ഉദാഹരണമാണ്.കാമാഖ്യ ദേവിയുടെ ആർത്തവകാലം ക്ഷേത്രം 3 ദിവസം അടച്ചിട്ട് ആഘോഷിക്കുകയും,3 ദിവസം കഴിഞ്ഞു നടതുറന്ന് പൂജകളോടെ ദൈനദിന ക്ഷേത്രകാര്യങ്ങൾ പുനരാരംഭിക്കുകയും ചെയ്യുന്നു.

 

ബുദ്ധമതം ഋതുമതികളോട് തികഞ്ഞ ആദരവാണ് പ്രകടിപ്പിക്കുന്നത്.എല്ലാ മാസവും സ്ത്രീകൾ കടന്നുപോകേണ്ട നൈസർഗികമായ ഒരു ജൈവപ്രതിഭാസം എന്നതിൽ കവിഞ്ഞു യാതൊരു പ്രത്യകതയും അവർ ഇക്കാര്യത്തിൽ കാണുന്നില്ല.അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് യാതൊരു വിലക്കുകളുമില്ല.അതേസമയം,ജാപ്പനീസ് ബുദ്ധമതം ആർത്തവകാലത്തു സ്ത്രീകൾ ക്ഷേത്രങ്ങളിൽ പോകുന്നതിന് വിലക്കുണ്ട്.ജപ്പാനിലെ ഷിന്റോമതം ആർത്തവരക്തത്തെ ദുശ്ശകുനമായാണ് പരിഗണിക്കുന്നത്.ദേവാലയങ്ങളിൽ പോകുന്നത് വിശുദ്ധ മലകൾ കയറുന്നതും വിലക്കപ്പെട്ടതാണ്.ജൈനമതവും ആർത്തവരക്തത്തെ അശുദ്ധമായിട്ടാണ് കണക്കാക്കുന്നതും പഠിപ്പിക്കുന്നതും.ആർത്തവകാലത്തു സ്ത്രീകൾ ഭക്ഷണം പാകം ചെയ്യുന്നതിനും ദേവാലയങ്ങളിൽ പ്രവേശിക്കുന്നതിനു വിലക്കുണ്ട്.

period6jpg-JS20071_1016412c
വിവിധ മത വിഭാഗങ്ങൾ സ്ത്രീകളുടെ ആർത്തവകാലങ്ങളിൽ സ്വീകരിക്കുന്ന വ്യത്യസ്ത നിലപാടുകളാണിവ.സ്ത്രീകൾക് ദേവാലയങ്ങൾ അപ്രാപ്യം ആകുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അവരുടെ ആർത്തവരക്തമാണ്.ഈ നിലപാടുകൾ എതിർക്കപ്പെടണം.ആർത്തവത്തിന് മാന്യത കിട്ടുന്നതിനായി പോരാട്ടം നടത്താൻ സ്ത്രീകൾ മുന്നോട്ടുവരണം.മനുഷ്യനെ മനുഷ്യനാക്കി നിലനിർത്തുന്ന ഏതൊരു ശാസ്ത്രത്തിന്റെയും ആധാരം ആർത്തവമാണ്.അമ്മയുടെ രക്തവും അച്ഛന്റെ ശുക്ലവും സംയോജിപ്പിച്ചാണ് നമ്മുടെ ശരീരം രൂപാന്തരം പ്രാപിച്ചിരിക്കുന്നത്.എന്നിട്ടും സ്ത്രീക്ക് എന്നും ആർത്തവം ഒരു അശുദ്ധമായി കണക്കാക്കപ്പെടുന്നു.പുറത്തായ പെണ്ണിന് അകത്തുകയറാൻ സ്വാഭാവികമായും സ്വാതന്ത്ര്യം ഉണ്ടാകേണ്ടതുണ്ട്.അത് ആരുടെയും ഔദാര്യമല്ല.പെണ്ണിന്റെ അവകാശമാണ്.മനുഷ്യരാശിയുടെ വളർച്ചയ്ക്ക് അത് അനിവാര്യമാണ്.അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും നമ്മൾ അനുഭവിച്ചു തുടങ്ങിയ ഒരു ജൈവപ്രക്രിയയാണത്.ആർത്തവം ആദരിക്കേണ്ടത് തന്നെയാണ്.അമ്മയുടെ ചോരയ്ക്ക് അശുദ്ധി കൽപ്പിക്കുന്ന സമൂഹം ഇനിയും ഉയരേണ്ടതുണ്ട്.അശുദ്ധി കല്പിച്ചു ഇരുട്ടുമുറിയിൽ തള്ളേണ്ടവളല്ല സ്ത്രീ.സമൂഹത്തിന്റെ ലിംഗാധിഷ്ഠിതവും ആത്മവഞ്ചനാപരവുമായ നിലപാടുകൾ എതിർക്കപ്പെടേണ്ടതുണ്ട്.ഓരോ മനുഷ്യരുടെയും ഉള്ളിലെ അശുദ്ധിയാണ് യഥാർത്ഥ അശുദ്ധി.അല്ലാതെ ആർത്തവരക്തക്കറയ്ക്ക് അശുദ്ധി കല്പിക്കാനാവില്ല.