അമീറുള്ളിനെ ജിഷയുടെ വീട്ടിലെത്തിച്ച്‌ തെളിവെടുത്തു:ലോഡ്ജിൽ തെളിവെടുപ്പ് നടത്താനായില്ല

single-img
28 June 2016

Jisha-ameer

ജിഷാവധവുമായി ബന്ധപ്പെട്ട്‌ പ്രതി അമീര്‍ ഉള്‍ ഇസ്‌ളാമിനെ തെളിവെടുപ്പിനായി പെരുമ്പാവൂരില്‍ എത്തിച്ചു. നാട്ടുകാരുടെ വലിയ പ്രതിഷേധം മുന്‍ നിര്‍ത്തി ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ്‌ തെളിവെടുപ്പിനായി എത്തിച്ചത്‌. രാവിലെ ആറ് മണിയോടെ ആലുവ പോലീസ് ക്ലബില്‍ നിന്നാണ് അമീറുളുമായി പോലീസ് പെരുമ്പാവൂരിലേക്ക് പുറപ്പെട്ടത്. പിന്നീട് ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ എത്തിച്ചെങ്കിലും ജനം കൂടിയതിനാല്‍ തെളിവെടുപ്പ് നടത്താനാകാതെ പ്രതിയേയും കൊണ്ട് പൊലീസ് മടങ്ങി. മുഖം മറച്ചാണ് അമീറിനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.

ജിഷയെ കൊലപ്പെടുത്തിയ രീതിയും പെരുമ്പാവൂര്‍ വിട്ടുപോയതും അമീര്‍ കൃത്യമായി പൊലീസിനോട് വിവരിക്കുന്നുണ്ട്. എന്നാല്‍, കൊലപാതകത്തിനു വിശ്വസനീയമായ കാരണങ്ങളല്ല വെളിപ്പെടുത്തിയത്. കേസില്‍ പൊലീസ് കാണുന്ന ഏറ്റവും ദുര്‍ബലമായ ഘടകവും ഇതാണ്. മാത്രമല്ല കൊല നടത്താന്‍ ഉപയോഗിച്ച കത്തി, പ്രതി ധരിച്ച രക്തം പുരണ്ട ഷര്‍ട്ട് എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിക്കാത്തതും പൊലീസിനു തലവേദനയാകുന്നു.

അമീറിന്റെ കസ്റ്റഡി കാലാവധി 30നാണ് തീരുക. ഇതിനുമുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. കസ്റ്റഡി കാലാവധി നീട്ടാന്‍ കോടതിയെ സമീപിക്കാനും പൊലീസ് ഒരുങ്ങുന്നുണ്ട്.

കേസില്‍ നിര്‍ണായക തുമ്പായ ചെരുപ്പ് കിട്ടിയ സ്ഥലവും വീടിന് സമീപത്തെ കനാലിന്റെ കരയിലുമെത്തിച്ച് തെളിവെടുത്തു.