കോപ്പ അമേരിക്ക ശതാബ്ദി കിരീടം ചിലിയ്ക്ക്;ഷൂട്ടൗട്ടിൽ മെസ്സി പെനൽറ്റി പാഴാക്കി.

single-img
27 June 2016

Chile-win-the-Copa-America-Centenario-finalശതാബ്ദി കോപ്പ അമേരിക്ക ശതാബ്ദി കിരീടം ചിലിയ്ക്ക്. ഇതോടെ തുടര്‍ച്ചയായ രണ്ടാം തവണയും ചിലി കിരീടം ചൂടി.നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാതെ വന്നതോടെ ഷൂട്ടൗട്ടിലേക്ക് നിങ്ങിയ മത്സരത്തിൽ 4-2 ആയിരുന്നു ചിലിയുടെ വിജയം. 1993ന് ശേഷം കിരീടം സ്വന്തമാക്കാൻ കഴിയാത്ത അർജന്‍റീനിയയ്ക്ക് ഇത്തവണയും ഫൈനലിൽ കാലിടറി.

ബ്രസീലിന് ശേഷം കോപ്പ അമേരിക്കയിൽ കിരീടം നിലനിർത്തുന്ന ആദ്യ രാജ്യമാണ് ചിലി. ഷൂട്ടൗട്ടിൽ പന്ത് പുറത്തേക്കടിച്ച ലയണൽ മെസ്സിയാണ് ദുരന്തനായകനായത്. ഷൂട്ടൗട്ടില്‍ മെസ്സിക്ക് പുറമെ ബിഗ്ലിയയുമാണ് അര്‍ജന്റീനയുടെ കിക്ക് പാഴാക്കിയത്. മഷരാനോയും അഗ്യുറോയും ലക്ഷ്യം കണ്ടു. ചിലിക്കുവേണ്ടി ആദ്യ കിക്കെടുത്ത വിദാലിന്റെ ഷോട്ട് അര്‍ജന്റൈന്‍ ഗോളി റൊമേരൊ തടഞ്ഞെങ്കിലും പിന്നീട് കിക്കെടുത്ത കാസ്റ്റിലോ, അരാന്‍ഗ്യുസ്, ബ്യൂസിഞ്ഞ്യോര്‍, സില്‍വ എന്നിവരുടെ ഷോട്ടുകള്‍ കൃത്യം വലയിലായി.
കഴിഞ്ഞ ലോക കപ്പ് ഫൈനലിലും, കോപ്പ ഫൈനലിലും നേരിട്ട തോല്‍വികള്‍ക്ക് പ്രതികാരം വീട്ടി കിരീടവുമായി നാട്ടിലേക്കു വണ്ടി കയറാനുള്ള തയ്യാറെടുപ്പോടെയാണ് മെസ്സിയും അര്‍ജന്റീനയും കളത്തിലിറങ്ങിയിരുന്നത്. എന്നാല്‍, കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിന്റെ തനിയാവര്‍ത്തനത്തിലൂടെ ചിലി ഇക്കുറിയും കപ്പില്‍ മുത്തമിട്ടു.

29ാം മിനിറ്റില്‍ ചിലെയുടെ മാര്‍സലോ ഡയസും 43ാം മിനിറ്റില്‍ അര്‍ജന്റീനയുടെ മാര്‍ക്കസ് രോഹോയും ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായി. കോപ്പ അമേരിക്കയുടെ നൂറു വര്‍ഷത്തെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ഫൈനലില്‍ രണ്ടു പേര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്താകുന്നത്.