നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനിയെ റാഗിംഗ്‌ ചെയ്‌ത സംഭവം;ആത്മഹത്യാശ്രമമെന്ന കോളജ് അധികൃതരുടെ വാദം പച്ചകള്ളം

single-img
23 June 2016

RAGGINGമലയാളി വിദ്യാര്‍ഥിനി റാഗിംഗിനിരയായിട്ടില്ലെന്നും ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നുമെന്നുള്ള ബംഗളൂരു ഗുല്‍ബര്‍ഗിലെ നഴ്‌സിംഗ് കോളജ് അധികൃതരുടെ വിശദീകരണം പൊളിയുന്നു.അവശനിലയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ വിദഗ്ദോപദേശം മറികടന്നാണ്‌ ഡിസ്‌ചാര്‍ജ്‌ജ് ചെയ്‌തതെന്ന്‌ ബസവേശ്വര ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി.നേരത്തെ ആത്മഹത്യാശ്രമമെന്ന കോളജ് അധികൃതരുടെ വാദത്തിനെതിരെ ചികിത്സയില്‍ കഴിയുന്ന അശ്വതിയും രംഗത്ത് വന്നിരുന്നു.ക്രൂരമായ പീഡനത്തിനാണ് താന്‍ ഇരയായത്. കൊല്ലം, ഇടുക്കി ജില്ലക്കാരായ നാല് മലയാളി വിദ്യാര്‍ഥിനികളുടെ നേതൃത്വത്തിലായിരുന്നു തുടര്‍ച്ചയായുള്ള പീഡനം. താന്‍ റാഗിഗിംനു ഇരയായ സമയത്ത് ആരോപണവിധേയര്‍ നാട്ടിലായിരുന്നുവെന്ന വാദവും തെറ്റാണ്. ഇതു തെളിയിക്കാന്‍ അവരുടെ ഫോണ്‍കോള്‍ രേഖകള്‍ പരിശോധിക്കണമെന്നും അശ്വതി ആവശ്യപ്പെട്ടു.

പെണ്‍കുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നെന്നും എല്ലാം പൂര്‍ണ്ണമായും സുഖപ്പെട്ട ശേഷമാണ്‌ ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ്‌ജ് ചെയ്‌തത്‌ എന്നും പെണ്‍കുട്ടി കോളേജില്‍ വരികയും ചെയ്‌തെന്നായിരുന്നു കോളേജ്‌ അധികൃതരുടെ വാദം. എന്നാല്‍ ബസവേശ്വര ആശുപത്രിയുടെ വെളിപ്പെടുത്തല്‍ വന്നതോടെ കോളേജ്‌ പ്രതിരോധത്തിലായിരിക്കുകയാണ്‌.

കേസില്‍ കര്‍ണാടക പോലീസ്‌ ഇതുവരെ പെണ്‍കുട്ടിയുടെ മൊഴിയെടുത്തില്ല. കേസ്‌ രജിസ്‌റ്റര്‍ ചെയ്യാത്തതിനാല്‍ ഫോറന്‍സിക്‌ ലാബിലേക്ക്‌ അയയ്‌ക്കാതെ ആശുപത്രി ലാബിലാണ്‌ പെണ്‍കുട്ടിയെ കുടിപ്പിച്ചെന്ന്‌ പറയുന്ന ലായനി പരിശോധിച്ചത്‌.

ബംഗളൂരൂ ഗുല്‍ബര്‍ഗിലെ നഴ്‌സിംഗ് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാംഗിംഗിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയിലായ വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കല്‍ പറമ്പില്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതി (19) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഏതാനും ദിവസം മുമ്പാണ് കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച്, ബാത്ത്‌റൂം വൃത്തിയാക്കാനുപയോഗിക്കുന്ന ഫിനോള്‍ കുടിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞമാസം ഒമ്പതിനായിരുന്നു സംഭവം.