ജിഷ വധക്കേസിന്റെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്;പ്രതിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

single-img
10 June 2016

perumbavoor-Jisha-03-05

പെരുമ്പാവൂര്‍: വിവാദമായ ജിഷ വധക്കേസിന്റെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. കൊല നടത്തിയ പ്രതി എന്ന് കരുതുന്ന ആളിന്റെ വീഡിയോ ദൃശ്യം പോലീസിന് ലഭിച്ചു. ജിഷയ്ക്ക് തൊട്ടുപിന്നിലായി പ്രതിയെന്ന് കരുതുന്ന മഞ്ഞഷര്‍ട്ടിട്ട ഒരു യുവാവും നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജിഷയുടെ വീടിന് സമീപത്തെ വളം വില്‍പന കേന്ദ്രത്തിലെ സിസിടിവിയിലാണ് ദൃശ്യങ്ങളുള്ളത്‌.മഞ്ഞഷര്‍ട്ടിട്ട ആളെ കണ്ടുവെന്ന സാക്ഷിമൊഴി ശരി വെയ്ക്കുന്നതാണ് ദൃശ്യങ്ങള്‍. എന്നാല്‍ പൊലീസിന് ലഭിച്ച ദൃശ്യങ്ങള്‍ യുവാവിന്റെ മുഖം വ്യക്തമല്ല.

ജിഷയെ കൊലപ്പെടുത്തിയത് മഞ്ഞഷര്‍ട്ടണിഞ്ഞ ഒരു യുവാവാണെന്ന് പോലീസിന് നിരവധി പരിസരവാസികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ യുവാവിനെക്കുറിച്ച് യാതൊരു സൂചനയും പോലീസിന് ലഭിച്ചിരുന്നില്ല. സംഭവം നടന്നതിന് സമീപത്തെ ശിവക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വളംഡിപ്പോയിലെ നാല് സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചപ്പോഴാണ് പോലീസിന് സുപ്രധാന തെളിവ് ലഭിച്ചത്. ഡിപ്പോയിലെ അഞ്ചാമതൊരു സിസിടിവിയിലെ ദൃശ്യങ്ങള്‍ കൂടി ശേഖരിക്കാനുണ്ട്. ഇതില്‍ യുവാവിന്റെ മുഖം വ്യക്തമാകുന്ന ദൃശ്യങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

സംഭവ ദിവസം രാവിലെ ജിഷ കോതമംഗലത്തേക്ക് പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ജിഷ സഞ്ചരിച്ച ബസ്സിലെ കണ്ടക്ടറെ പോലീസ് ചോദ്യം ചെയ്ത് ഇക്കാര്യം ഉറപ്പ് വരുത്തിയിരുന്നു.അവിടെ പോയി മടങ്ങിവരുന്നസമയത്തെ ദൃശ്യമാണിതെന്ന് കരുതുന്നു. ജിഷ വീട്ടിലേക്ക് മടങ്ങിവരുമ്പോള്‍ ഇയാളും ഒപ്പമുണ്ടായിരുന്നുവെന്നാണ് അനുമാനിക്കുന്നത്. അങ്ങനെയെങ്കില്‍ ജിഷയ്ക്ക് പരിചയമുള്ള ഒരാള്‍ തന്നെയാണ് കൊലപാതകി എന്ന സംശയം ബലപ്പെടുകയാണ്.

മൊഴികളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ രേഖാചിത്രവും പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സംഭവം നടന്ന് ഒരുമാസം പിന്നിട്ടപ്പോഴാണ് പോലീസിന് കേസിലെ സുപ്രധാന തെളിവെന്ന് കരുതാവുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.