യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി;ഭീകരവാദം ചെറുക്കാന്‍ യോജിച്ചു നില്‍ക്കാൻ ആഹ്വാനം

single-img
9 June 2016

modi-us1
ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും സഹകരണം ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധ ചെയ്ത അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ഈ വര്‍ഷം ആദ്യമായാണ് ഒരു വിദേശ രാഷ്ട്രതലവന്‍ യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നത്. മന്‍മോഹന്‍ സിങ് (2005 ജൂലൈ 19). അടല്‍ ബിഹാരി വാജ്‌പേയി (2000 സെപ്തംബര്‍ 14), പി.വി നരസിംഹറാവു (1994 മെയ് 18), രാജീവ് ഗാന്ധി (1985 ജൂലൈ 13) എന്നിവരാണ് യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത മറ്റു ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍.

മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവരെല്ലാം ഈ പോരാട്ടത്തില്‍ അണി ചേരണം. ഇന്ത്യക്കും യു.എസിനുമിടയിലുള്ള ശക്തമായ ബന്ധത്തിനു മാത്രമേ ഏഷ്യ മുതല്‍ ആഫ്രിക്ക വരെ, ഇന്ത്യന്‍ മഹാസമുദ്രം മുതല്‍ പസഫിക് വരെ സമാധാനവും ഐശ്വര്യവും കൊണ്ടുവരാനാകൂ- മോദി പറഞ്ഞു.സ്വാതന്ത്ര്യത്തിന്റെയും മോചനത്തിന്റെയും തന്തുക്കള്‍ ഇരുരാഷ്ട്രങ്ങളുടെയും ജനാധിപത്യത്തിനിടയില്‍ സുശക്തമായ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. സ്വതന്ത്ര രാഷ്ട്രമായപ്പോള്‍ ഇന്ത്യയെക്കുറിച്ച് നിരവധി പേര്‍ക്ക് സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ ജനാധിപത്യത്തിലുള്ള വിശ്വാസം തങ്ങളുറപ്പിച്ചു. ഇന്ന് ഇന്ത്യ ഒന്നായി ജീവിക്കുന്നു. ഒന്നായി വളരുന്നു. ഒന്നായി ആഘോഷിക്കുന്നു- മോദി പറഞ്ഞു.ഗാന്ധിയുടെ അഹിംസയാണ് മാര്‍ട്ടിന്‍ ലൂഥര്‍കിങിന്റെ രണോത്സാഹത്തെ പ്രചോദിപ്പിച്ചത്. തന്റെ സര്‍ക്കാറിന് ഭരണഘടനയാണ് വിശുദ്ധപുസ്തകം. അതില്‍ വിശ്വാസത്തിനും ആവിഷ്‌കാരത്തിനും സ്വാതന്ത്ര്യമുണ്ട്.

പശ്ചാത്തലഭേദമന്യേ എല്ലാ പൗരന്മാര്‍ക്കും സമത്വമുണ്ട്. നമുക്കിടയിലുള്ള ബന്ധത്തെ സിവില്‍ ആണവ കരാര്‍ മാറ്റി മറിച്ചു. 2008 നവംബറില്‍ മുംബൈയില്‍ ഭീകരാക്രമണമുണ്ടായ വേളയില്‍ യു.എസ് കോണ്‍ഗ്രസ് നല്‍കിയ ഐക്യദാര്‍ഢ്യം ഇന്ത്യയൊരിക്കലും വിസ്മരിക്കില്ല. മൂന്ന് ദശലക്ഷം ഇന്ത്യന്‍ അമേരിക്കക്കാരില്‍ നിന്നാണ് നിങ്ങളുടെ മികച്ച സി.ഇ.ഒമാരും സാമ്പത്തിക ശാസ്ത്രജ്ഞരും ഉണ്ടായിട്ടുള്ളത്. അവര്‍ നിങ്ങളുടെ ശക്തിയാണ്, ഞങ്ങളുടെ അഭിമാനവും- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.