മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടണമെന്ന് വീണ്ടും ഹൈക്കോടതി;സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന തീരുമാനം ഹൈക്കോടതി അംഗീകരിച്ചില്ല

single-img
8 June 2016

High-Court-of-Kerala

കൊച്ചി: മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവ്. സ്‌കൂള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.വിഷയം ഇന്ന് കോടതിയുടെ പരിഗണനയില്‍ വന്നപ്പോള്‍ സ്‌കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന കാര്യം അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദ് കോടതിയെ അറിയിച്ചു. നിയമസഭയുടെ അനുമതിയോടെ മാത്രമേ സര്‍ക്കാരിന് വിജ്ഞാപനം ഇറക്കാന്‍ കഴിയൂ എന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

എന്നാല്‍ ഇക്കാര്യങ്ങളൊക്കെ സര്‍ക്കാരിന്റെ കാര്യമാണെന്നും സ്‌കൂള്‍ പൂട്ടണമെന്ന ഉത്തരവ് നടപ്പാക്കിയേ മതിയാവൂ എന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ഉത്തരവ് എന്തുകൊണ്ട്് നടപ്പാക്കിയില്ല എന്നാണ് കോടതി ചോദിച്ചത്. സ്‌കൂള്‍ പൂട്ടി നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ഉത്തരവ് ഇതുവരെ പാലിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. വെള്ളിയാഴ്ചക്കകം ഉത്തരവ് നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് എജി ഹൈക്കോടതിയെ അറിയിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

സ്‌കൂള്‍ അടച്ചുപൂട്ടുന്നതില്‍ പ്രതിഷേധിച്ച് പ്രദേശത്ത് സമരം നടക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ ജനകീയ സമരങ്ങളോ, പ്രക്ഷോഭങ്ങളോ കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനുപള്ള തടസമാകാന്‍ പാടില്ലെന്ന മറുപടിയാണ് കോടതി നല്‍കിയത്. കോടതി വിധിയോടെ സ്‌കൂള്‍ ഏറ്റെടുക്കല്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്.