നിയമസഭ സ്പീക്കറായി പി.ശ്രീരാമകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു.;ബിജെപി വോട്ട് ഇടതുമുന്നണിയ്ക്ക് ലഭിച്ചു;യുഡിഎഫിന്റെ ഒരു വോട്ട് ചോർന്നു

single-img
3 June 2016

p.sreeramakrishnan_02062016പതിനാലാം കേരളാ നിയമസഭയുടെ സ്പീക്കറായി സിപിഐഎമ്മിലെ പി ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന വോട്ടെടുപ്പില്‍ ശ്രീരാമകൃഷ്ണന് 92 വോട്ടുകളും എതിര്‍ സ്ഥാനാര്‍ത്ഥി യുഡിഎഫിലെ വിപി സജീന്ദ്രന് 46 വോട്ടുകളും ലഭിച്ചു. വോട്ടെടുപ്പില്‍ യുഡിഎഫിന്റെ വോട്ട് ചോര്‍ന്നു.പി.സി ജോര്‍ജ് വോട്ട് അസാധുവാക്കി. ഒ. രാജഗോപാലിന്റെ വോട്ട് ലഭിച്ചത് എല്‍ഡിഎഫിനെന്നാണ് സൂചന.

47 അംഗങ്ങളുള്ള യുഡിഎഫിന് 46 വോട്ട് മാത്രമാണ് ലഭിച്ചത്. എല്‍ഡിഎഫിന് 91 അംഗങ്ങള്‍, യുഡിഎഫിന് 47 അംഗങ്ങള്‍, എന്‍ഡിഎ ഒന്ന്, സ്വതന്ത്രന്‍ ഒന്ന് എന്നീ നിലയിലാണ് നിയമസഭയിലെ അംഗസംഖ്യ. 91-47 എന്നതാണു സഭയിലെ ഭരണ-പ്രതിപക്ഷ അംഗബലമെന്നതിനാല്‍ ശ്രീരാമകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പായിരുന്നു. എന്നാല്‍ 90 വോട്ട് പ്രതീക്ഷിച്ചിരുന്ന ശ്രീരാമകൃഷ്ണന് 92 വോട്ട് ലഭിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇടതുപക്ഷ പ്രതിനിധിയായ പ്രോടെം സ്പീക്കര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.

സ്പീക്കറായി തെരഞ്ഞെടുത്ത ശ്രീരാമകൃഷണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. ഇതിനു ശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു കക്ഷിനേതാക്കളും പുതിയ സ്പീക്കറെ അഭിനന്ദിച്ചു സംസാരിച്ചു. സ്പീക്കര്‍ തെരഞ്ഞെടുപ്പോടെ വെള്ളിയാഴ്ച പിരിയുന്ന സഭ ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ 24 മുതല്‍ വീണ്ടും സമ്മേളിക്കും.