ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസ്: 24 പേർ കുറ്റക്കാർ, 36 പേരെ വെറുതെ വിട്ടു

single-img
2 June 2016

zakia-ehsan-jafri_650x400_41464852688മുന്‍ കോണ്‍ഗ്രസ് എം.പി അടക്കം 69 പേര്‍ കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ 36 പേരെ പ്രത്യേക കോടതി വെറുതെവിട്ടു. 24 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.ഇവരില്‍ 11 പേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി. കേസില്‍ പ്രതിചേര്‍ത്ത 36 പേരെ കുറ്റവിമുക്തരാക്കി. പ്രതികള്‍ക്കുള്ള ശിക്ഷ ഈമാസം ആറിനു വിധിക്കും. അഹമ്മദാബാദിലെ എസ്ഐടി കോടതിയുടേതാണ് സുപ്രധാന വിധി. കോടതി വെറുതേവിട്ടവരില്‍ പ്രധാന പ്രതി ബിജെപി കോര്‍പറേഷന്‍ കൌണ്‍സിലംഗം ബിപിന്‍ പട്ടേലും ഉള്‍പ്പെടുന്നു. തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ വെറുതേവിട്ടത്.
സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ മുന്‍ സി.ബി.ഐ ഡയറക്ടര്‍ ആര്‍.കെ. രാഘവന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം അന്വേഷിച്ച കേസിലെ വിചാരണ നടപടികള്‍ 2015 സെപ്റ്റംബര്‍ 22ന് പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി മേയ് 31നകം പുറപ്പെടുവിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് ഗുല്‍ബര്‍ഗ് ഹൌസിംഗ് സൊസൈറ്റി കൂട്ടക്കൊല നടന്നത്. ഫെബ്രുവരി 28ന് ആയിരത്തോളം വരുന്ന ജനക്കൂട്ടം ആക്രമണമഴിച്ചുവിടുകയായിരുന്നു. 66 പേര്‍ പ്രതികളായ കേസില്‍ ഒമ്പതു പേര്‍ നേരത്തെ ജയിലിലായിരുന്നു. അഹമ്മദാബാദിലെ നരോദ പാട്യ കഴിഞ്ഞാല്‍ ഏറ്റവും വലിയ കൂട്ടക്കൊലയാണ് ഗുല്‍ബര്‍ഗില്‍ നടന്നത്.

ടീസ്റ്റ സെതല്‍വാദ് നേതൃത്വം നല്കുന്ന സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റീസ് ആന്‍ഡ് പീസ് നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. എഹ്സാന്‍ ജഫ്രിയുടെ വിധവ സാക്കിയ ജഫ്രിയുടെ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങളുടെ ഫലം കൂടിയാണ് ഈ വിധി. എന്നാല്‍, 36 പേരെ വെറുതേ വിട്ടതില്‍ നിരാശയുണ്െടന്ന് സാക്കിയ പ്രതികരിച്ചു. പൂര്‍ണമായ നീതി ലഭിച്ചില്ലെന്നും പോരാട്ടം തുടരുമെന്നും അവര്‍ അറിയിച്ചു. കേസില്‍ സര്‍ക്കാരിലെ ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാക്കിയ ജഫ്രി നല്കിയ കേസില്‍ അന്വേഷണം തുടരുകയാണ്.