തലശ്ശേരിയില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ വെടിയേറ്റ് ബാങ്ക് ജീവനക്കാരി മരിച്ചു

single-img
2 June 2016

index

തലശ്ശേരി: സെക്യൂരിറ്റി ജീവനക്കാരന്റെ വെടിയേറ്റ് ബാങ്ക് ജീവനക്കാരി മരിച്ചു. തലശ്ശേരി ലോഗന്‍സ് റോഡിലെ തൊവരായി കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐഡിബിഐ ബാങ്കിലെ ജീവനക്കാരി വടക്ക് പുതിയാണ്ടി വീട്ടില്‍ വിനോദിന്റെ മകള്‍ വില്‍ന വിനോദ്(28) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ അഞ്ചരക്കണ്ടി തിലാന്നൂരിലെ ഹരീന്ദ്രന്‍ തോക്ക് ബോക്‌സില്‍ നിന്നും എടുത്ത് പരിശോധന നടത്തവെ അബദ്ധത്തില്‍ പൊട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം.

ഹരീന്ദ്രന്‍ തോക്ക് പരിശോധിക്കുന്നതിനിടയില്‍ ഫയലുമായി വില്‍ന സെക്യൂരിറ്റി ജീവനക്കാരന്റെ അടുത്ത് നില്‍ക്കുന്നുണ്ടായിരുന്നുവത്രെ. വില്‍നയുടെ തലക്കാണ് വെടിയേറ്റത്. തല ഒരു ഭാഗം ചിതറിയിരുന്നു. ഉടന്‍ തന്നെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
സംഭവമറിഞ്ഞ് തലശ്ശേരി ഡിവൈഎസ്പി ഷാജു പോള്‍, സിഐ പി എം മനോജ്, എസ്‌ഐമാരായ ഷാജു, രാജീവന്‍, മോഹന്‍ദാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും എത്തിയിരുന്നു. ബാങ്കിനുള്ളില്‍ ചോര തളം കെട്ടി നില്‍ക്കുന്നുണ്ട്. ഫോറന്‍സിക് വിഭാഗം വന്ന് പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനായ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മരിച്ച വില്‍ന വിനോദ്(28)

മരിച്ച വില്‍ന വിനോദ്(28)

ഒരു മാസം മുമ്പാണ് വില്‍ന ഐഡിബിഐ ബാങ്കില്‍ ജോലിക്ക് എത്തിയത്. മാടപ്പീടിക കൊമ്മല്‍ വയലിലെ പൂജയില്‍ ഗംഗാധരന്റെ മകന്‍ സംഗീതിന്റെ ഭാര്യയാണ്. ഒരു മാസം മുമ്പാണ് വിവാഹം നടന്നത്. ഇരുവരുടെയും സ്‌നേഹവിവാഹമായിരുന്നുവത്രെ. വില്‍നയുടെ പിതാവ് വിനോദന്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. അമ്മ സുധ പാലയാട് നാളികേര കൃഷി വികസന കേന്ദ്രത്തിലെ ജീവനക്കാരിയാണ്. ഏകസഹോദരി നയന കായികാധ്യാപികയാണ്. മരണപ്പെട്ട വില്‍നയും സഹോദരി നയനയും പാലയാട് ഗവ. ഹയര്‍ സെക്കണ്ടറിയിലെ സ്‌പോര്‍ട്‌സ് താരങ്ങളായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബേങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഹരീന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മേലൂരിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.