രാഷ്ട്രീയ പ്രേരിതമായി ആരെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ സി.പി.എം തയാറില്ല;ജിഷ വധക്കേസില്‍ പി.പി തങ്കച്ചനെതിരായ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് പെരുമ്പാവൂര്‍ മുന്‍ എം.എല്‍.എ സാജു പോള്‍.

single-img
27 May 2016

saju-paul_0

 
ജിഷ വധക്കേസില്‍ പി.പി തങ്കച്ചനെതിരായ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് പെരുമ്പാവൂര്‍ മുന്‍ എം.എല്‍.എ സാജു പോള്‍. അടിസ്ഥാനമില്ലാത്ത ആരോപണം ആര്‍ക്കെതിരെ ഉന്നയിച്ചാലും അതിനൊപ്പം നില്‍ക്കില്ല. തെളിവില്ലാതെ ആരെയും തേജോവധം ചെയ്യാനും കൂട്ടുനില്‍ക്കില്ല. പുതിയ അന്വേഷണസംഘത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.രാഷ്ട്രീയ പ്രേരിതമായി ആരെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ സി.പി.എം തയാറില്ലെന്നും സാജു പോള്‍ പറഞ്ഞു.

 

അടിസ്ഥാനമില്ലാത്ത ഇത്തരം ആരോപണമാണ് തന്റെ പരാജയത്തിന് കാരണമായത്. ജിഷയുടെ അമ്മ വൈകാരികമായി പറഞ്ഞത് ഏറ്റെടുത്താണ് തനിക്കെതിരെ യു!.ഡി.എഫ് പ്രചരണം നടത്തിയത്. ഇക്കാര്യത്തിലടക്കം അന്വേഷണം ആവശ്യമാണെന്നും സാജു പോള്‍ പറഞ്ഞു.

 

പി.പി തങ്കച്ചന്റെ വീട്ടില്‍ ജിഷയുടെ അമ്മ രാജേശ്വരി ദീര്‍ഘകാലം ജോലി ചെയ്തിരുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ജിഷയുടെ അമ്മയെ തനിക്ക് അറിയില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും ഇന്ന് പ്രതികരിച്ചു. അവര്‍ തന്റെ വീട്ടില്‍ 20 വര്‍ഷം ജോലിക്കു നിന്നെന്നു പറയുന്നത് ശുദ്ധ കളവാണ്. ഒരു ദിവസം പോലും വീട്ടില്‍ ജോലിക്കു നിന്നിട്ടില്ലെന്നും പി.പി. തങ്കച്ചന്‍ പറഞ്ഞു.

 

അതേസമയം ജിഷ വധക്കേസുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ആരോപണമുന്നയിച്ച ജോമോന്‍ പുത്തന്‍പുരക്കലിെനതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. പി.പി. തങ്കച്ചനും കുടുംബത്തിനുമെതിരെ ജോമോന്‍ നടത്തുന്ന ദുഷ്പ്രചരണം കേസ് അട്ടിമറിക്കാനാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. ജോമോന്റെ പരാതിയുടെ ഉറവിടം അന്വേഷിക്കണമെന്നും തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന ഇത്തരം അപവാദ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

 

മകള്‍ക്കെതിരായ ആരോപണത്തിനെതിരെ ജിഷയുടെ പിതാവ് പാപ്പു നല്‍കിയ പരാതിയില്‍ പൊലീസ് ജോമോന്‍ പുത്തന്‍പുരക്കലിനെതിരെ ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. പട്ടിക ജാതി വര്‍ഗ വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.