പിണറായി വിജയന്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

single-img
25 May 2016

Pinarayi_Vijayan_oath_st_052516

പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം നാലിന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുഖ്യമന്ത്രിയടക്കം 19 മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഗൗരവമായാണ് പിണറായി പ്രതിജ്ഞ ചൊല്ലിയത് . പിണറായിക്ക് പിന്നാലെ സിപിഐയിലെ ഇ ചന്ദ്രശേഖരനാണ് സത്യപ്രതിജ്ഞ ചെയ്തത് . പിന്നെ മാത്യു ടി തോമസ് , എ കെ ശശീന്ദ്രന്‍ , കടന്നപ്പള്ളി രാമചന്ദ്രന്‍ , എ കെ ബാലന്‍ , കെ ടി ജലീല്‍ , ഇ പി ജയരാജന്‍ , കടകംപള്ളി സുരേന്ദ്രന്‍ , ജെ . മെഴ്‌സിക്കുട്ടിയമ്മ , എ സി മൊയ്തീന്‍ , കെ രാജു , ടിപി രാമകൃഷ്ണന്‍ , സി രവീന്ദ്രനാഥ് , കെ കെ ശൈലജ , ജി സുധാകരന്‍ , വി എസ് സുനില്‍കുമാര്‍ , പി തിലോത്തമന്‍ , തോമസ് ഐസക്ക് എന്നിവര്‍ ക്രമത്തില്‍ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു .

സത്യപ്രതിജ്ഞ വീക്ഷിക്കാന്‍ നിയുക്ത മന്ത്രിമാരുടെ കുടുംബാംഗങ്ങളും ജനപ്രതിനിധികളും ഇടത് പ്രവര്‍ത്തകരും തലസ്ഥാനത്തെത്തിയിരുന്നു. ഭരണ-പ്രതിപക്ഷ എം.എല്‍.എമാര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, രക്തസാക്ഷി കുടുംബങ്ങള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.

സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന വേദി പ്ലാസ്റ്റിക് വിമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കാന്‍ ഗ്രീന്‍ പ്രോട്ടോകോള്‍ കൊണ്ടുവന്നതും ശ്രദ്ധേയമായി . സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുന്നവര്‍ കുപ്പിവെള്ളം കൊണ്ടുവരരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു . ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് സ്റ്റീല്‍ കപ്പുകളില്‍ കുടിവെള്ളം നല്‍കി . 25,000 പേര്‍ക്ക് വെള്ളം നല്‍കാനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത് .