ബംഗാളില്‍ മമതയുടെ ദീദിഗിരി

single-img
21 May 2016

prepared-to-die-but-wont-allow-division-of-bengal-says-mamata-banerjee_090414064232

 

പശ്ചിമബംഗാളിലെ സ്വന്തം രാഷ്ട്രീയ നിഘണ്ടുവിലെ ഒരു വാക്കാണ് ദീദിഗിരി; ദാദാഗിരിയുടെ സ്ത്രീലിംഗഭേദം!. അസുരനിഗ്രഹത്തിന് വന്ന ദുര്‍ഗയാണ് അണികള്‍ക്ക് മമതാ ദീദി. പശ്ചിമബംഗാള്‍ ഉടനെയൊന്നും ദീദീയെ താഴെയിറക്കാന്‍ തീരുമാനിച്ചിട്ടില്ല എന്നതിന് തെളിവാണ് തൃണമൂലിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം. 294 അംഗനിയമസഭയില്‍ 211 പേരും തൃണമൂല്‍ അംഗങ്ങള്‍. കോണ്‍ഗ്രസ്-ഇടതു സഖ്യത്തെയാകെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് മമതയുടെ പടയോട്ടം. ബി.ജെ.പി.യും കടുത്ത പോരാട്ടമാണ് നടത്തിയത്. മഹാരഥ•ാരെത്തന്നെ പ്രചരണത്തിന് ബി.ജെ.പി. അങ്കത്തട്ടിലിറക്കി. നരേന്ദ്രമോദി, അമിത്ഷാ, കേന്ദ്രമന്ത്രിമാര്‍ അങ്ങനെ നിരവധി പ്രമുഖരാണ് ബംഗാളില്‍ ബി.ജെ.പി.യ്ക്കായി വോട്ട് ചോദിക്കാനെത്തിയത്. എല്ലാം ദീദിയുടെ തേരോട്ടത്തില്‍ തകര്‍ന്നു തരിപ്പണമാകുന്നകാഴ്ചയാണ് പിന്നീടു കണ്ടത്.
മുപ്പത്തിനാലുവര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണത്തെ തൂത്തെറിഞ്ഞുകൊണ്ടാണ് മമതാ ബാനര്‍ജി 2011-ല്‍ പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിക്കസേരയിലിരുന്നത്. 61-കാരിയായ മമതാ ബാനര്‍ജി 1998-ലാണ് കോണ്‍ഗ്രസില്‍ നിന്നും കലഹിച്ചിറങ്ങി സ്വന്തം പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചത്. പാര്‍ട്ടിയുടെ ചിഹ്നവും ചിത്രകാരിയായ ദീദി തന്നെ സ്വന്തം കയ്യാല്‍ വരച്ചു; രണ്ടു പൂക്കളും പുല്ലും.

 
അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ ദീദി കല്ലേറും പൂച്ചെണ്ടും നേടി. നിരവധി ജനപ്രിയ പദ്ധതികളാണ് മമതാ സര്‍ക്കാര്‍ അവതരിപ്പിച്ചത്. സാമ്പത്തികബുദ്ധിമുട്ടനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്കായി 750 രൂപ പ്രതിമാസം നല്‍കുന്ന കന്യാശ്രീ പദ്ധതി, നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം നടത്തുന്ന സബുജ് സാഥി, തൊഴില്‍ രഹിതരായ യുവതീയുവാക്കള്‍ക്ക് പ്രതിമാസം 1500 രൂപ സഹായധനം നല്‍കുന്ന യുവശ്രീ പദ്ധതി, എട്ടുകോടി ജനങ്ങള്‍ക്ക് രണ്ട് രൂപയ്ക്ക് അരിയും ഗോതമ്പും നല്‍കുന്ന കദ്യസതി പദ്ധതി എന്നിവ ബംഗാളില്‍ മമതയ്ക്ക് ജനസമ്മതി നേടാന്‍ കാരണമായി. എന്നാല്‍ ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പ്, നാരദാ അഴിമതി എന്നിവ മമതയുടെ ഭരണകാലത്തെ അഴിമതിക്കറകളായതും മറ്റൊരു യാഥാര്‍ത്ഥ്യം. ഇതൊക്കെയാണെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയശേഷം പഞ്ചായത്ത്, തദ്ദേശസ്വയംഭരണം, പാര്‍ലമെന്റ് ഈ തിരഞ്ഞെടുപ്പുകളിലൊന്നും പാര്‍ട്ടിയുടെ മുന്നേറ്റം തടുക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞതുമില്ല.

 
ബംഗാളിലെ ഇടത്തരം കുടുംബത്തില്‍ ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ മകളായി പിറന്ന മമത ബിരുദാനന്തരബിരുദത്തിനുശേഷം നിയമത്തിലും ബിരുദം നേടുകയായിരുന്നു. ജോഗമായോ ദേവി കോളജിലെ പഠനകാലം മുതല്‍ തന്നെ തുടങ്ങിയതാണ് മമതയുടെ രാഷ്ട്രീയപ്രവര്‍ത്തനം. വിദ്യാര്‍ത്ഥിസംഘടനയായ ഛാത്ര പരിഷത്തില്‍ തുടങ്ങി മഹിളാകോണ്‍ഗ്രസിലൂടെയാണ് അവര്‍ മുഖ്യധാരാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 1984-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ജാദവ്പൂര്‍ മണ്ഡലത്തിലെ സിപിഐ.(എം.) അതികായനും പിന്നീട് ലോക്‌സഭാ സ്പീക്കറുമായ സോമനാഥ് ചാറ്റര്‍ജിയെ മലര്‍ത്തിയടിച്ചുകൊണ്ടാണ് ഇളംതലമുറക്കാരിയായ മമതയുടെ അധികാരത്തിലേക്കുള്ള പടയോട്ടം തുടങ്ങിയത്. വിചിത്രമായ തീരുമാനങ്ങളും ഇടയ്ക്കിടെയുള്ള കലഹവും മമതയെ പലപ്പോഴും രാഷ്ട്രീയക്കാര്‍ക്കിടയില്‍ അപ്രീതിക്കുമിടയാക്കിയിരുന്നു. നേതാക്കള്‍പോലും അറച്ചു നിന്ന പല സന്ദര്‍ഭങ്ങളിലും മമത അപ്രതീക്ഷിതമായി രംഗം കൈയിലെടുത്തു കൈയടിവാങ്ങിയിട്ടുമുണ്ട്; അടിയന്തരാവസ്ഥാക്കാലത്ത് ഇന്ദിരാഗാന്ധിയ്‌ക്കെതിരെ ജയപ്രകാശ് നാരായണ്‍ കൊല്‍ക്കത്തയില്‍ നയിച്ച വന്റാലിയെ തടുക്കാന്‍ നടുവഴിയില്‍ മമതാ കുറുകെ കിടന്നത് ഒരു ഉദാഹരണമാണ്.

 
ഏതൊരു സാധാരണനേതാവിനെപ്പോലെയും വിജയവും പരാജയവും നിറഞ്ഞതായിരുന്നു മമതയുടെ രാഷ്ട്രീയജീവിതം. 1989-ല്‍ ഒരിക്കല്‍ പരാജയം നുണഞ്ഞെങ്കിലും 1996ല്‍ അവര്‍ സീറ്റു തിരികെപ്പിടിച്ചു. പിന്നീട് 1998, 1999, 2004, 2009 ഈ വര്‍ഷങ്ങളിലൊന്നും മമതയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നതേയില്ല. ആദ്യമായി കേന്ദ്രമന്ത്രിയായത് 1991-ല്‍ നരസിംഹറാവു സര്‍ക്കാരിലായിരുന്നു. മനുഷ്യവിഭവം, യുവജനകാര്യം, സ്‌പോര്‍ട്‌സ്, വനിതാക്ഷേമം ഇതായിരുന്നു വകുപ്പ്. പിന്നീട് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് തൃണമൂലിന്റെ സ്ഥാപനത്തോടെ എ.ബി. വാജ്‌പേയിയുമായി ചേര്‍ന്ന് എന്‍.ഡി.എ.സര്‍ക്കാരിന്റെ ഭാഗമായതോടെ 1999-ല്‍ റെയില്‍ മന്ത്രിയുമായി. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മമതാ എന്‍.ഡി.എ.യോട് കലഹിച്ച് മന്ത്രിപദം വലിച്ചെറിഞ്ഞുവെങ്കിലും പ്രതീക്ഷിച്ച ഫലം കണ്ടില്ല. 2004-ലെ ലോകസഭാ തിരഞ്ഞെടുപ്പിലാകട്ടെ തൃണമൂലില്‍ നിന്നും ആകെ വിജയിച്ചത് മമത മാത്രമായിരുന്നു. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 294 അംഗ നിയമസഭയില്‍ ആകെ 30 സീറ്റാണ് തൃണമൂലിന് നേടാനായത്.

 

എന്നാല്‍ മമതയിലെ പോരാളി തളര്‍ന്നില്ല. നന്ദിഗ്രാമിലെയും സിംഗൂരിലെയും ഭൂമി നഷ്ടപ്പെട്ട കര്‍ഷകരെ അവര്‍ തുറുപ്പുചീട്ടാക്കി. കര്‍ഷകര്‍ക്കായി ബംഗാളാകെ ഇളക്കിമറിച്ച വന്‍പ്രക്ഷോഭങ്ങള്‍ നയിച്ചു. തീപ്പൊരി പ്രസംഗങ്ങളുടെ ദീദി സ്വന്തമായി ഒരു മുദ്രാവാക്യവും രചിച്ചു. മാ, മാതി, മനുഷ്(മാതാവ്, ഭൂമി, മനുഷ്യന്‍). അതു ഫലിച്ചു. 2011-ല്‍ ഇടതുപക്ഷത്തിനെ പടിക്കുപുറത്താക്കി ദീദി കസേരയിലുറപ്പിച്ചു.
തന്റെ വ്യക്തിജീവിതത്തിലെ എല്ലാ ഘട്ടത്തിലും നഷ്ടപ്പെടാതെ കാത്തുസൂക്ഷിച്ച ലാളിത്യം അവിവാഹിതയായ മമതയുടെ തുറുപ്പുചീട്ടുകളിലൊന്നാണ്. കേരളീയരുടെ നേര്യത് മുണ്ടു പോലെ ബംഗാളികളുടെ സാധാരണവേഷമായ ബംഗാളി താന്ത് സാരിയും തുണിസഞ്ചിയും റബ്ബര്‍ ഹവായ് ചെരുപ്പും ആഭരണങ്ങളോട് യാതൊരു പ്രിയവും കാട്ടാത്ത വ്യക്തിത്വവും പ്രസംഗചാതുരിയും മമതയെ സാധാരണക്കാരോട് ചേര്‍ത്തു നിര്‍ത്തി. ഇതൊക്കെയാണെങ്കിലും വിമര്‍ശനങ്ങളൊന്നും ഉള്‍ക്കൊള്ളാനുള്ള പക്വതയൊന്നും തനിക്കില്ലെന്ന് മമതാ പലപ്പോഴായി തെളിയിച്ചു കഴിഞ്ഞു. അതിനുള്ള ഒരു ഉദാഹരണമാണ് തന്നെ പരിഹസിച്ച് കാര്‍ട്ടൂണ്‍ വരച്ച കോളജ് പ്രൊഫസറെ രായ്ക്കുരാമാനം അറസ്റ്റു ചെയ്ത് ലോക്കപ്പിലാക്കിയത്.