പാകിസ്താനില്‍ പോളിയോ തുള്ളിമരുന്ന് വിതരണം യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നേറുന്നു; മൂന്നുമാസത്തിനുള്ളില്‍ പോളിയോ നിര്‍മാര്‍ജിത രാഷ്ട്രങ്ങളുടെ പട്ടികയിലെത്തുകയാണ് ലക്ഷ്യം

single-img
18 May 2016

 

530201b029f7d

 

 

പാകിസ്താന്‍ മാസങ്ങള്‍ക്കുള്ളില്‍ പോളിയോ നിര്‍മാജിത രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ തുള്ളിമരുന്നു വിതരണം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി വന്‍വാക്‌സിനേഷന്‍ പദ്ധതികള്‍ക്കാണ് രാജ്യം തുടക്കമിട്ടിരിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം വളരെ കുറച്ചു പോളിയോകേസുകള്‍ മാത്രമാണ് പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്താനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാകിസ്താനില്‍ 11-ഉം അഫ്ഗാനിസ്താനില്‍ 5-ഉം ആണ് റിപ്പോര്‍ട്ട് ചെയ്ത പോളിയോ കേസുകളുടെ എണ്ണം. 2014-ല്‍ പാകിസ്താനില്‍ 300 പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്താണിത്.

 
മൂന്നു മാസത്തിനിടെ ലക്ഷക്കണക്കിനു കുട്ടികളെ വാസ്‌കിനേഷന്‍ നടത്താനാണ് പാകിസ്താന്റെ പദ്ധതി. ഇസ്ലാമിക മതമൗലികവാദികളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് വാസ്‌കിനേഷന്‍ തുടരുന്നത് രാജ്യത്ത് ജീവനുപോലും ഭീഷണിയാണ്. നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാസ്‌കിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവന്‍ നഷ്ടമായത്. കറാച്ചിയില്‍ 7 പൊലീസുകാരാണ് മരുന്നുവിതരണത്തിനിടെ ഏപ്രിലില്‍ മാത്രം കൊല്ലപ്പെട്ടത്. ജനുവരിയില്‍ ക്വൊറ്റയില്‍ മരുന്നുവിതരണകേന്ദ്രത്തിനെതിരെ നടന്ന ബോംബാക്രണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ആയുധധാരികളായ പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ഇവിടെ തുള്ളിമരുന്ന് വിതരണം നടത്തുന്നത്. 20 ലക്ഷം കുട്ടികളെ ലക്ഷ്യമിട്ട് 70000 ആരോഗ്യപ്രവര്‍ത്തകരെയാണ് ലോകാരോഗ്യസംഘടന(ഡബ്യു.എച്ച്.ഒ.)യുടെ പിന്തുണയോടെ നിയോഗിച്ചിരിക്കുന്നത്. ഖൈബര്‍ പഖ്ത്തൂണ്‍ പ്രവിശ്യകള്‍, വടക്കു-പടിഞ്ഞാറന്‍ പാകിസ്താനിലെ ഗോത്രവര്‍ഗ്ഗക്കാര്‍, ബലൂചിസ്താന്‍ എന്നിവിടങ്ങളാണ് അപകടകരമായ മേഖലകള്‍. പാകിസ്താനി കുട്ടികളെ വന്ധ്യംകരണം നടത്തുന്നതിന്റെ ഭാഗമായാണ് പാശ്ചാത്യലോകത്തിന്റെ പിന്തുണയോടെയുളള ഈ തുള്ളിമരുന്നുവിതരണമെന്നാണ് ഇസ്ലാമിക മതമൊലികവാദികള്‍ ഗോത്രങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്.
മൂന്നു ദിവസത്തിനുള്ളില്‍ത്തന്നെ 120 ലക്ഷം ഡോസുകള്‍ എന്ന കണക്കിനാണ് പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. അപകടകരമായ മേഖലകളിലേക്കു കൂടി പാകിസ്താന്‍ തുള്ളിമരുന്നു വിതരണത്തിന് തയ്യാറായതിന് ഡബ്യു.എച്ച്.ഒ.യുടെ പൂര്‍ണപിന്തുണയുണ്ട്. നിറതോക്കുമായി സൈനികരും ഒപ്പമുള്ളതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളും കുറഞ്ഞിട്ടുണ്ട്.
അഞ്ചുവയസിനു താഴെയുള്ള കുട്ടികളെയാണ് നാഡീഞരമ്പുകളെ തളര്‍ത്തുന്ന പോളിയോവൈറസ് ആക്രമിക്കുക. ലോകാരോഗ്യസംഘടന ആഗോളതലത്തില്‍ സൗജന്യ പോളിയോ തുള്ളിമരുന്നുവിതരണം ഫലപ്രദമായി നടത്തിയതിനെത്തുടര്‍ന്ന് ഗണ്യമായ തോതിലാണ് പോളിയോബാധിതര്‍ കുറഞ്ഞത്. 1988-ല്‍ ലോകമൊട്ടാകെ 3,50,000 കുഞ്ഞുങ്ങള്‍ പോളിയോബാധിതരായ സ്ഥാനത്ത് 2015-ല്‍ വെറും 70 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇനി സമ്പൂര്‍ണപോളിയോനിര്‍മാര്‍ജന രാഷ്ട്രമെന്ന പ്രഖ്യാപനത്തിന് പട്ടികയില്‍ ഊഴം കാത്തുകിടക്കുന്നത് പാകിസ്താനും അഫ്ഗാനിസ്താനും മാത്രമാണ്. ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ നൈജീരിയയും പോളിയോയില്‍ നിന്നും സ്വതന്ത്രമായിക്കഴിഞ്ഞിരുന്നു.