നവജാതശിശുമരണനിരക്ക് കേരളത്തില്‍ 12, ഗുജറാത്തില്‍ 36, സോമാലിയയില്‍ 85; ഇന്ത്യന്‍ സംസ്ഥാനങ്ങളും ആഫ്രിക്കന്‍ രാഷ്ട്രങ്ങളും തമ്മിലുള്ള താരതമ്യപഠനം ശ്രദ്ധേയമാകുന്നു

single-img
18 May 2016

newborn_nursery

 
നരേന്ദ്രമോദിയുടെ സോമാലിയ പരാമര്‍ശത്തിനു പിന്നാലെ ഇന്ത്യന്‍ സംസ്ഥാനങ്ങളെയും ആഫ്രിക്കന്‍ രാജ്യങ്ങളെയും തമ്മില്‍ താരതമ്യം നടത്തിയ റിപ്പോര്‍ട്ടുകളും പുറത്തു വന്നു കഴിഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും നവജാതശിശുമരണനിരക്കുകളാണ് താരതമ്യപഠനത്തിന് വിധേയമാക്കിയിട്ടുള്ളത്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും താഴ്ന്ന ശിശുമരണനിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനം കേരളമാണ്. അസ്സം, മധ്യപ്രദേശ്, ബിഹാര്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവ കേരളത്തില്‍ നിന്നും വളരെയേറെ പിന്നിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇവയില്‍ പല സംസ്ഥാനങ്ങളും ആഫ്രിക്കന്‍ രാജ്യങ്ങളേക്കാള്‍ ഏറെ പിന്നിലാണെന്നും കണക്കുകള്‍ പറയുന്നു.
കേരളത്തില്‍ ജനിക്കുന്ന 1000 കൂഞ്ഞുങ്ങളില്‍ ഒരു വയസ്സു പൂര്‍ത്തിയാകാതെ 12 കുട്ടികള്‍ മരണമടയുമ്പോള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ച സൊമാലിയയില്‍ 1000-ന് 85 കുട്ടികളാണ് മരണമടയുന്നത്. അതേ സമയം പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലാകട്ടെ ഓരോ ആയിരം കുഞ്ഞുങ്ങളിലും 36 പേര്‍ മരണമടയുന്നു. ഇതാകട്ടെ കെനിയയ്ക്കും ഉഗാണ്ടയ്ക്കും സമാനമാണെന്നും റിപ്പോര്‍ട്ട് ഉദാഹരണസഹിതം വിവരിക്കുന്നു.

 

അതേസമയം ഗുജറാത്തിനേക്കാള്‍ ഭേദപ്പെട്ട ശിശുമരണനിരക്കാണ് ആഫ്രിക്കയിലെ ദരിദ്രരാഷ്ട്രങ്ങളെന്നറിയപ്പെടുന്ന കോംഗോയിലും നമീബിയയിലുമത്രേ.
ആഫ്രിക്ക എല്ലാ കാര്യത്തിലും നമ്മളേക്കാള്‍ താഴ്ന്ന നിലവാരത്തിലാണെന്നുള്ള ധാരണ ശരിയല്ലെന്നും അത്തരം വിമര്‍ശനങ്ങള്‍ക്കുള്ള അര്‍ഹത നമുക്കില്ലെന്നും റൈറ്റ് ടു ഫുഡ് ആക്ടിവിസ്റ്റ് ബിരാജ് ഫട്‌നായ്ക്ക് ചൂണ്ടിക്കാട്ടുന്നു. നമ്മള്‍ ദരിദ്രരാഷ്ട്രങ്ങളെന്നു വിളിക്കുന്ന പല ആഫ്രിക്കന്‍ രാഷ്ട്രങ്ങളും ഇന്ത്യയേക്കാള്‍ പല കാര്യങ്ങളിലും മുന്‍പന്തിയിലാണ്. കുറ്റപ്പെടുത്തുന്നതിനു പകരം നവജാത ശിശുമരണത്തെയും പോഷകാഹാരക്കുറവിനെയും ഫലപ്രദമായി പരിഹരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു.

 
അസം, മധ്യപ്രദേശ് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന ശിശുമരണനിരക്ക് രേഖപ്പെടുത്തുന്നത.് 1000-ന് 54 കുട്ടികളാണ് ഇവിടെ മരണപ്പെടുന്നത്. യു.പിയിലും ഒഡീഷയിലുമാകട്ടെ കുറഞ്ഞത് 1000 കൂട്ടികളില്‍ 50 കുഞ്ഞുങ്ങളെന്നനിരക്കിലാണ് മരണനിരക്ക്. ഈ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 48 എന്ന സംഖ്യയുമായി തൊട്ടു പുറകിലുള്ള ആഫിക്കന്‍ രാജ്യം സുഡാന്‍ ആണ്. രാജസ്ഥാനില്‍ ഇത് 47 ആണ്. ഹരിയാനയിലെ 41 എന്ന കണക്ക് ഏതോപ്യക്ക് സമാനമാണ്. ബിഹാറിലും സെനഗലിലെപ്പോലെ 42 ആണ് ശിശുമരണനിരക്ക്. 31 എന്ന സംഖ്യയുമായി പശ്ചിമബംഗാളും കര്‍ണാടകയും റുവാണ്ടയ്ക്ക് ഒപ്പമെത്തിയിരിക്കുന്നു.

 
മോദിയുടെ പരാമര്‍ശത്തെത്തുടര്‍ന്ന് ദേശീയതലത്തില്‍ നിരവധി വിമര്‍ശനങ്ങളാണ് നിരവധി തലങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നത്. ‘സമൂഹത്തിലെ ഏതു മാനദണ്ഡമുപയോഗിച്ച് നോക്കിയാലും കേരളം എല്ലാക്കാര്യത്തിലും മുന്‍പന്തിയിലാണെന്നുമാത്രമല്ല ഗുജറാത്തിനേക്കാള്‍ വളരെ മുന്നിലുമാണ്.’ കേരളം സൊമാലിയയാണെങ്കില്‍ അഫ്ഗാനിസ്ഥാനിലെ അവസ്ഥയേക്കാള്‍ തീരെ മോശമാണ് ഗുജറാത്തിലേതെന്ന് കോണ്‍ഗ്രസ് എം.പി. ജയറാം രമേശ് പ്രതികരിച്ചു.

 
എന്നാല്‍ മോദിയുടെ പരാമര്‍ശത്തിലെ ചില വാക്കുകള്‍ മാത്രം അടര്‍ത്തി എടുത്ത് അദ്ദേഹത്തെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നാണ് ബി.ജെ.പി. നിലപാട്. അദ്ദേഹം കേരളത്തില്‍ നടത്തിയ പ്രസംഗത്തിന്റെ തുടക്കത്തില്‍ കേരളം ഇന്ത്യയിലെ ഏറ്റവും സാക്ഷരമായ,ഏറ്റവും പുരോഗതി കൈവരിച്ച സംസ്ഥാനമാണെന്ന് പറഞ്ഞത് ആരും ശ്രദ്ധിച്ചില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിലവിലുള്ള ചില പ്രശ്‌നങ്ങളെയാണ് അദ്ദേഹം പരാമര്‍ശിച്ചത്. അതില്‍ അപാകതയൊന്നുമില്ല. ബി.ജെ.പി. നേതാവ് സുധാംശു ത്രിവേദി പറഞ്ഞു.