പിണറായി വിജയന്‍ മത്സരിച്ച ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ സിപിഐഎം കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത്:ആരോപണം സിപിഐഎം തള്ളി

single-img
18 May 2016

PINARAYI-1-545x325

 

കണ്ണൂര്‍: സി പി എം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍ മല്‍സരിച്ച ധര്‍മ്മടം മണ്ഡലത്തില്‍ വ്യാപക കള്ള വോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോളിംഗ് ബൂത്തില്‍ ഒരുക്കിയ വെബ്ബ് ക്യാമറയിലാണ് കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ തെളിഞ്ഞത്. ധര്‍മ്മടം പഞ്ചായത്തിലെ 5 ബൂത്തുകളിലായി 21 പേര്‍ കള്ള വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. ബി എല്‍ ഒയുടെ മകളും കള്ളവോട്ട് ചെയ്തിട്ടുണ്ട്. കൂടാതെ പിണറായി പഞ്ചായത്ത് മെമ്പര്‍ നവ്യയും കള്ളവോട്ട് ചെയ്യുന്ന ദൃശ്യവും പുറത്തായിട്ടുണ്ട്.

 

കള്ളവോട്ട് ചെയ്തതിന്റെ ലിസ്റ്റ്

പോളിങ്ങ് അവസാനിയ്ക്കുന്ന സമയത്ത് വീഡിയോയിൽ പതിഞ്ഞ കള്ളവോട്ട് ചെയ്തവരുടെ വിവരം

ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് ശേഷമാണ് വ്യാപകമായി കള്ളവോട്ട് ചെയ്തത്. ഗള്‍ഫിലുള്ള ഷിനിലിന്റെ വോട്ട് വിഷ്ണുവാണ് ചെയ്തത്. കെ നിജീഷ് തുടങ്ങി 21 പേരാണ് വോട്ട് ചെയ്തത്. ഒരാള്‍ തന്നെ പലതവണ വോട്ട് ചെയ്യുന്ന രംഗങ്ങളാണ് പുറത്തായത്. പ്രിസൈഡിംഗ് ഓഫീസറുടെ അറിവോടെയാണ് കള്ളവോട്ട് നടന്നതെന്ന് യു ഡി എഫ് ധര്‍മ്മടം നിയോജക മണ്ഡലം ചീഫ് ഏജന്റ് അഡ്വ. ടി പി ഹരീന്ദ്രനാണ് പരാതി നല്‍കിയത്.
പോളിംഗ് അവസാനിക്കുന്ന സമയങ്ങളിലാണ് കള്ളവോട്ട് നടന്നിരിക്കുന്നത്. ഏഴു മണ്ഡലങ്ങളില്‍ പൂര്‍ണ സമയ വെബ്കാസ്റ്റിംഗ് ഉണ്ടായിരുന്നതാണ് കള്ളവോട്ട് പിടികൂടാന്‍ സാധിച്ചത്. യുഡിഎഫ് നല്‍കിയ പരാതിയിലാണ് പരിശോധന നടന്നത്. 134-ാം നമ്പറില്‍ അഞ്ച് വോട്ടും 139ല്‍ ആറും 124 ല്‍ ആറും 138ല്‍ രണ്ടും 133ല്‍ ഒന്നും കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്.

 

ബൂത്തിലിരുന്ന ഏജന്റുമാര്‍ പ്രിസൈഡിംഗ് ഓഫീസറോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല കള്ളവോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കികൊടുക്കുകയായിരുന്നു. ധര്‍മ്മടത്ത് വ്യാപകമായി കള്ളവോട്ട് നടന്നതായി യുഡിഎഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന്‍ ആരോപിച്ചു. സിപിഎമ്മിന്റെ വനിതാ പഞ്ചായത്തംഗമടക്കം നിരവധി പേരാണ് കള്ളവോട്ട് ചെയ്തത്. മണ്ഡലത്തില്‍ 17,000 കള്ളവോട്ട് നടന്നതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണം സിപിഎം നിഷേധിച്ചു. പിണറായിയുടെ വിജയത്തിന്റെ മാറ്റുകുറയ്ക്കാനാണ് ആരോപണമെന്ന് സിപിഎം നേതാവ് കെ.കെ രാഗേഷ് പറഞ്ഞു.

 

2014 ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏരുവേശ്ശി പഞ്ചായത്തിലെ 109 -ാം ബൂത്തില്‍ കള്ളവോട്ട് ചെയ്യാന്‍ ഒത്താശ ചെയ്തതിന്റെ പേരില്‍ 12 ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു എന്നിട്ടും കള്ളവോട്ട് ചെയ്യാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ധര്‍മ്മടം അസംബ്ലി മണ്ഡലത്തില്‍ കള്ള വോട്ട് ചെയ്യുന്ന ദൃശ്യം പുറത്ത് വിടണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ചാനലുകളില്‍ കള്ളവോട്ട് ദൃശ്യങ്ങള്‍ പുറത്തായത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി പി എം കേന്ദ്രകമ്മിറ്റി അംഗം എം വി ജയരാജന്‍ പറഞ്ഞു. വോട്ട് ചെയ്തുവെന്ന് പറയുന്നവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെല്ലെന്നും ജയരാജന്‍ പറഞ്ഞു.

 

 

വീഡിയോ:മാതൃഭൂമി ടിവി