കേരളത്തിൽ കനത്ത പോളിംഗ്;പോളിങ്ങ് ശതമാനം 72 കടന്നു

single-img
16 May 2016

jn-thu-15-

 

 

സംസ്ഥാനത്ത് പോളിങ്ങ് ശതമാനം 71 കടന്നു.കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവടങ്ങളില്‍ ഇന്ന് വിധിയെഴുതുകയാണ്. തമിഴ്‌നാട്ടിലും മികച്ച പോളിംഗ് രേഖപ്പെടുത്തിത്. സംസ്ഥാനത്ത് വിവിധയിടങ്ങളിലെ കനത്ത മഴ പോളിങ്ങിനെ ബാധിച്ചേക്കും. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിൽ കനത്ത മഴയാണുള്ളത്. എന്നാൽ മലബാറിൽ മഴ ബാധിച്ചിട്ടില്ല.

 

 

വൈകിട്ട് ആറുവരെ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ അഞ്ച് വരെയാണ് വോട്ടെടുപ്പ് നടന്നിരുന്നത്. 28.71 ലക്ഷം കന്നിവോട്ടര്‍മാരാണ് ഇത്തവണയുള്ളത്. ആകെയുള്ള 2,60,19,284 വോട്ടര്‍മാരില്‍ 1,25,10,589 പുരുഷന്മാരും 1,35,08,693 സ്ത്രീകളുമാണ്. 23,289 പ്രവാസി വോട്ടര്‍മാരുമുണ്ട്. ഇവര്‍ക്ക് പാസ്‌പോര്‍ട്ടുമായി വന്നാല്‍ വോട്ട് രേഖപ്പെടുത്താം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്.

 

 

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ രണ്ടര മാസത്തെ പ്രചാരണത്തിന് ശേഷമാണ് കേരളത്തിലെ 2.61 കോടി വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. കേരളം ആര്‍ക്കെന്ന് തീരുമാനിക്കാനുള്ള നിര്‍ണായക ദിനത്തില്‍ മൂന്നു മുന്നണികളും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

 

 

സംസ്ഥാനം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. 80 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍. വ്യാഴാഴ്ച ഉച്ചയോടെതന്നെ മുഴുവന്‍ ഫലങ്ങളും അറിയാനാകും. 140 മണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 3176 പ്രശ്നബാധിത ബൂത്തുകളാണ് സംസ്ഥാനത്ത് കണ്ടത്തെിയിരിക്കുന്നത്. ഗുരുതര പ്രശ്നബാധിതമെന്ന് കണ്ടത്തെിയ 1233 ബൂത്തുകളില്‍ ഏറെയും വടക്കന്‍ ജില്ലകളിലാണ്.

 

 

52000 പൊലീസ് സേനാംഗങ്ങള്‍ക്ക് പുറമെ 120 കമ്പനി കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. ഹോംഗാര്‍ഡ്, എക്സൈസ് ഉദ്യോഗസ്ഥരും ഇതിന് പുറമെയുണ്ട്. ഇത്രയും കേന്ദ്ര സേനാംഗങ്ങള്‍ സംസ്ഥാനത്ത് ആദ്യമാണ്. 3137 ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങും ഏര്‍പ്പെടുത്തി. കണ്ണൂരിലെ പ്രശ്നസാധ്യതാ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇവിടെ 1040 ബൂത്തുകള്‍ പ്രശ്നബാധിതമാണ്. 1,11,897 ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്.