തമിഴ്നാട്ടിൽ 570 കോടി രൂപ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടികൂടി

single-img
14 May 2016

 

tamil-nadu_650x400_81463204534

തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയില്‍ മൂന്ന് കണ്ടെയ്‌നറുകളിലായി കടത്തുകയായിരുന്ന 570 കോടി രൂപ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ബാങ്കുകളുടെ പണം കൈമാറ്റം ചെയ്യുന്ന വാഹനത്തില്‍ നിന്നാണ് ഇത്രയും വലിയ തുക പിടിച്ചെടുത്തത്. തിരുപ്പൂര്‍ ജില്ലയില്‍ പരിശോധനയ്ക്കിടെയാണ് പണവുമായി കണ്ടെയ്‌നറുകള്‍ എത്തിയത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോയമ്പത്തൂര്‍ മുതല്‍ വിശാഖപട്ടണം വരെയുള്ള ബ്രാഞ്ചുകളില്‍ നിക്ഷേപിക്കുന്നതിനുള്ള പണമാണെന്ന് പിടിയിലായവര്‍ പറയുന്നു. എന്നാല്‍ മതിയായ രേഖകളില്ലാതെയാണ് പണം കൊണ്ടുവന്നതെന്നും ഇവരുടെ മൊഴികളില്‍ വിശ്വാസ്യതയില്ലെന്നും അധികൃതര്‍ അറിയിച്ചു.

 
പെരുമണല്ലൂര്‍- കുന്നത്തൂര്‍ ബൈപ്പാസില്‍ ഇന്നു പുലര്‍ച്ചെയാണ് പണം കടത്തിയ കണ്ടെയ്‌നറുകള്‍ പിടികൂടിയത്. കണ്ടെയ്‌നറുകളെ പിന്തുടര്‍ന്ന് മൂന്നു കാറുകളും എത്തിയിരുന്നു. ഇവയില്‍ ഉണ്ടായിരുന്നവരെയും അധികൃതര്‍ പിന്തുടര്‍ന്ന് ചെങ്കല്‍പള്ളിക്ക് സമീപംവച്ച് പിടികൂടി. ആന്ധ്രാപ്രദേശില്‍ നിന്നുള്ള പോലീസുകാരാണ് തങ്ങളെന്ന് കാറിലുണ്ടായിരുന്നവര്‍ അവകാശപ്പെട്ടുവെങ്കിലും അവര്‍ യൂണിഫോമില്‍ ആയിരുന്നില്ല. കാറിലുണ്ടായിരുന്നവരെ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ വാഹനങ്ങള്‍ തിരുപ്പൂര്‍ ജില്ലാ കലക്ടറേറ്റിലേക്ക് കെണ്ടുപോയി.

 
തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധനയില്‍ വാഹനം നിര്‍ത്താതെ പോയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് വാഹന പരിശോധനയെ കുറിച്ച് അറിവില്ലായിരുന്നുവെന്നും കൊള്ളക്കാരാണെന്ന് കരുതിയാണ് പാഞ്ഞുപോയെതെന്ന വിചിത്രമായ വാദമാണ് ഇവര്‍ നല്‍കിയത്. അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബാങ്ക് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.

 
തിരഞ്ഞെടുപ്പ് വകുപ്പിന്റെ ഫ്‌ളൈയിങ് സ്‌ക്വാഡും പാര്‍ലമെന്ററി സേനയും സംയുക്തമായാണ് കള്ളപ്പണം പിടികൂടിയത്. കണ്ടെയ്‌നറുകള്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പിന്തുടര്‍ന്നാണ് വാഹനം പിടികൂടിയത്. ട്രക്കുകള്‍ ഇതുവരെ തുറന്നിട്ടില്ല. തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഇതുവരെ തമിഴ്‌നാട്ടില്‍ 100 കോടി കള്ളപ്പണം പിടികൂടിയിട്ടുണ്ട്.

 

തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍മാരെ സ്വാധീനിക്കാനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പണം നല്‍കുന്നത് പതിവാണ്. ഇതിനുവേണ്ടിയാണോ പണം കണ്ടെയ്‌നറുകളില്‍ കൊണ്ടുവന്നതെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ സംശയിക്കുന്നത്. അതേസമയം, ശരിയായ രേഖകള്‍ ഹാജരാക്കിയാല്‍ കണ്ടെയ്‌നറുകള്‍ വിട്ടുനല്‍കുമെന്നും തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു.