Editors Picks, National

വിപ്ലവം പഴന്തുണിയിലൂടെ.

3513839428

വസ്ത്രത്തിന്റെ അടിസ്ഥാന ഉദ്ദേശം എന്താണെന്നു നമ്മളെല്ലാവരും ചെറിയ ക്ലാസ്സില്‍ പഠിച്ചിട്ടുണ്ട്. നഗ്നത മറയ്ക്കാനും തണുപ്പില്‍ നിന്നും ചൂടില്‍ നിന്നും സംരക്ഷണം തരാനും എന്നായിരുന്നു അത്. അതു ചെറിയ ക്ലാസ്സില്‍ പഠിച്ചതല്ലേ, ഇപ്പോഴതു മാത്രമല്ലല്ലോ എന്നു ചിരിച്ചു തള്ളാന്‍ വരട്ടെ. കീറിപ്പഴകിയ പഴന്തുണികളുമായി ചേരികളില്‍ ജീവിതം തള്ളിനീക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് വസ്ത്രമെന്നാല്‍ ഇതുമാത്രമാണ്.
ഡല്‍ഹിയിലെ കൊടുംശൈത്യത്തില്‍ നേരാം വണ്ണം വസ്ത്രം ധരിക്കാനില്ലാതെ ജീവനറ്റ ഒരാളുടെ മൃതശരീരം കണ്ടതോടെയാണ് വസ്ത്രം ഇപ്പോഴും കിട്ടാക്കനിയായ ഒരു സമൂഹത്തെക്കുറിച്ച് അന്‍ഷു ഗുപ്ത അറിഞ്ഞത്. അതോടെ തന്റെ ലക്ഷ്യമെന്തെന്ന് അന്‍ഷുവിന് വ്യക്തമായി. 1999-ല്‍ കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ മികച്ച ജോലി ഉപേക്ഷിച്ച് അദ്ദേഹം ‘ഗൂഞ്ജ്’ എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. ഗൂഞ്ജ് എന്ന ഹിന്ദി വാക്കിനര്‍ത്ഥം ‘മാറ്റൊലി’ എന്നാണ്. ഒരിക്കലും ഇതൊരു കാരുണ്യപ്രവര്‍ത്തനമായി കാണരുതെന്നാണ് ഗുപ്തയുടെ അപേക്ഷ. അത് ഗൂഞ്ജിന്റെ ഉപയോക്താവിന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുമെന്നാണ് അദ്ദേഹം പറയുന്നത്. വസ്ത്രങ്ങളുടെ ധാരാളിത്തത്തില്‍ മുഴുകുന്നവനും മാറ്റിയുടുക്കാനൊരു തുണിയില്ലാത്തവനും ഇടയില്‍ ഒരു പാലം പണിയുകയാണ് ഗൂഞ്ജ്. കറയറ്റ ഒരു വിതരണസംവിധാനമാണിത്.

LOGO-OF-GOONJ-A-VOICE-AN-EFFORT

ഉപയോഗിക്കാന്‍ പാകത്തിനുള്ള പഴയ തുണി മാത്രമേ ഗൂഞ്ജ് സ്വീകരിക്കുകയുള്ളു. കാരണം സംഭാവന നല്‍കുന്നവരുടെ പെരുമയേക്കാള്‍ സ്വീകരിക്കുന്നവരുടെ ആത്മാഭിമാനത്തിനാണ് ഈ സ്ഥാപനം വിലനല്‍കുന്നത്. അതുകൊണ്ടു തന്നെ പഴകിയതോ ഉപയോഗശൂന്യമായവയോ തള്ളാനുള്ള ഒരു ചവറ്റുകുട്ടയല്ല ഈ സ്ഥാപനമെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.
നിങ്ങള്‍ ധരിച്ചു കളയുന്ന വസ്ത്രത്തിന് എന്തെല്ലാമാകാനാകും? പഴന്തുണി ആകാനേ കഴിയൂ എന്നാകും നിങ്ങളുടെ ഉത്തരം. എന്നാല്‍ ഗൂഞ്ചിനെ സംബന്ധിച്ചിടത്തോളം ഒരു പഴന്തുണിക്ക് പലതുമാകാനാകും.
വിവിധ കേന്ദ്രങ്ങളില്‍ നിന്നും സ്വീകരിക്കുന്ന ധരിക്കാവുന്ന തുണികള്‍ ആവശ്യക്കാരെ കണ്ടെത്തി വോളന്റിയര്‍മാര്‍ വിതരണം ചെയ്യുന്നു. ബാക്കി വരുന്നവയാകട്ടെ ‘മൈ പാഡ്’ എന്ന പേരില്‍ സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്ന സാനിട്ടറി പാഡുകളായി മാറ്റപ്പെടുന്നു. പഴയവസ്ത്രങ്ങളെ രണ്ടു തവണ വൃത്തിയായി കഴുകി ഉണക്കിയശേഷം ഇസ്തിരിയിട്ട് ഈര്‍പ്പം തീരെയൊഴിവാക്കി ചെറുതുണ്ടുകളായി മുറിച്ചാണ് സാനിട്ടറി പാഡുകളാക്കി മാറ്റുന്നത്. ധരിച്ചിരിക്കുന്നതല്ലാതെ ആര്‍ത്തവദിനങ്ങളില്‍ ഒരു കീറത്തുണിക്കു പോലും നിവര്‍ത്തിയില്ലാത്ത സ്ത്രീകളുടെ ദുരിതം മനസ്സിലാക്കിയാണ് ഗൂഞ്ജ് പ്രകൃതിസൗഹൃദമായ 15 പാഡുകളുടെ കെട്ടുകളടങ്ങിയ ഓരോ പായ്ക്കറ്റ് സ്ത്രീകള്‍ക്കിടയില്‍ വിതരണം ചെയ്യുന്നത്. ആര്‍ത്തവം ഒളിച്ചുവെയ്‌ക്കേണ്ടതോ നികൃഷ്ടമായതോ ആയ ഒന്നല്ലെന്നും ഇത് ആണ്‍സുഹൃത്തുക്കളോടും ചര്‍ച്ച ചെയ്യേണ്ടതാണെന്നും ബോധവത്കരിക്കാനായി നിരവധി കോളജുകളില്‍ ആണ്‍പെണ്‍ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് ബോധവത്കരണ ക്ലാസ്സുകള്‍ ഗൂഞ്ജ് നല്‍കി വരുന്നുണ്ട്.
നിരവധി ആകര്‍ഷണീയമായ പദ്ധതികളും ഗൂഞ്ച് അവതരിപ്പിക്കുന്നു. 1200 രൂപ ഗൂഞ്ജിലേക്ക് സംഭാവന നല്‍കിയാല്‍ പാവപ്പെട്ട ഏതെങ്കിലുമൊരു സ്ത്രീക്ക് ആത്മാഭിമാനത്തോടെ ഒരു വര്‍ഷം ഉപയോഗിക്കാവുന്ന ഒരു മൈ പാഡ് പായ്ക്കറ്റ് നല്‍കാനാകും. ഓരോ പായ്ക്കറ്റിലും ഒരു വര്‍ഷത്തേക്ക് ആവശ്യമായ 60 സാനിട്ടറി പാഡുകളും, 3 അടിവസ്ത്രങ്ങളും ലഘുലേഖകളുമാണ് വിതരണം ചെയ്യുക. ”ആത്മാഭിമാനത്തിന്റെയും അന്തസ്സിന്റെയും 60 ദിവസങ്ങള്‍” എന്നാണ് ഗൂഞ്ജ് ഈ പദ്ധതിയെ വിശേഷിപ്പിക്കുക.

 
ഗൂഞ്ചിന് ഇന്ന് ഇന്ത്യയൊട്ടാകെ 21-ലധികം സംസ്ഥാനങ്ങളില്‍ വോളന്റിയര്‍മാര്‍ ഉണ്ട്. ഓരോ മാസവും 70,000 കിലോ അസംസ്‌കൃതവസ്തുക്കളാണ് ഇവര്‍ക്ക് ലഭിക്കുന്നത് ഇതില്‍ 1000 ടണ്ണോളം പഴയവസ്ത്രങ്ങളും വീട്ടുപകരണങ്ങളും ഉണ്ടാകും. ഇതെല്ലാം ആവശ്യക്കാരുടെ കൈകളില്‍ പ്രവര്‍ത്തകര്‍ എത്തിക്കുന്നു.
ഫോബ്‌സ് മാസിക ഇന്ത്യയുടെ കരുത്തരായ ഗ്രാമീണ സംരംഭകരുടെ കൂട്ടത്തില്‍ അന്‍ഷു ഗൂപ്തയെ ഉള്‍പെടുത്തിയിരുന്നു. ജപ്പാന്റെ മികച്ച സന്നദ്ധപ്രവര്‍ത്തകനുള്ള പുരസ്‌കാരവും ഇദ്ദേഹത്തെത്തേടിയെത്തി. ഏറ്റവുമൊടുവില്‍ 2015-ല്‍ ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ പുരസ്‌കാരമായ മാഗ്‌സസെ പുരസ്‌കാരവും ഗൂഞ്ജിനെത്തേടിയെത്തിയിരിക്കുന്നു. അന്‍ഷു ഗുപ്തയുടെ വിപ്ലവകരമായ ആശയം ലോകം താല്പര്യത്തോടെയാണ് വീക്ഷിക്കുന്നത് എന്നതിനുള്ള തെളിവുകളാണ് ഈ പുരസ്‌കാരങ്ങള്‍. ”ഒരാശയത്തെ വലുതാക്കുകയാണ് ഞങ്ങള്‍; ഒരു സ്ഥാപനത്തെയല്ല” എന്ന ഗൂഞ്ജിന്റെ ആപ്തവാക്യം തന്നെ ശ്രദ്ധേയമാണ്.