എൻ.എസ്.ജി അംഗത്വം : ഇന്ത്യയ്ക്കെതിരെ ചൈന

single-img
14 May 2016

409522-lu-kang-reuters

 

നൂക്ലിയര്‍ സപ്ലയേഴ്‌സ് ഗ്രൂപ്പില്‍ (എന്‍.എസ്.ജി.) ഇന്ത്യക്ക് അംഗത്വം ലഭിക്കാതിരിക്കാന്‍ ചൈനയുടെ നീക്കം. ആണവ നിരായുധീകരണ കരാറില്‍ ഒപ്പുവയ്ക്കാത്ത രാജ്യങ്ങള്‍ക്ക് ഗ്രൂപ്പില്‍ അംഗത്വം നല്‍കേണ്ടെന്നാണ് മറ്റ് അംഗങ്ങളുടെ നിലപാടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു. ഗ്രൂപ്പ് വികസിപ്പിക്കുന്നതിനുള്ള മാനദണ്ഡമായി ആണവ നിർവ്യാപനകരാര്‍ കണക്കാക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

 

നിലവില്‍ 48 അംഗങ്ങളാണ് എന്‍.എസ്.ജിയിലുള്ളത്. ഇന്ത്യ, പാകിസ്ഥാന്‍, ഇസ്രായേല്‍, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളാണ് ആണവായുധങ്ങളുടെ ഉപയോഗവും വ്യാപനവും തടയുകയെന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച ആണവ നിരായുധീകരണ കരാറില്‍ ഇനി ഒപ്പു വയ്ക്കാനുള്ള രാജ്യങ്ങള്‍.
“ഇന്ത്യയെ കൂടാതെ മറ്റു പല രാജ്യങ്ങളും അംഗത്വം നേടാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് .ഇത് ആണവ നിർവ്യാപനകരാറിൽ ഒപ്പിടാത്തവരെ എൻ. എസ്. ജി യുടെ അംഗമാക്കണോ എന്ന ചോദ്യമുയർത്തുന്നു .ഇതിനെ സംബന്ധിച്ച് സംഘടനയിൽ ഒരു ചർച്ചയുണ്ടാകണമെന്നും പ്രസക്തമായ നിയമങ്ങൾക്കനുസരിച്ച് തീരുമാനത്തിലെത്തണമെന്നും അന്താരാഷ്ട്രസമൂഹം വിശ്വസിക്കുന്നു.ചൈനയുടെ നിലപാട് ഒരു പ്രത്യേകരാജ്യത്തെയും ഉദ്ദേശിച്ചല്ല.ഇത് ആണവ നിർവ്യാപനകരാറിൽ ഒപ്പിടാത്ത എല്ലാവർക്കും ബാധകമാണ്.” ലു കാങ്  പറയുന്നു.

 

ഇന്ത്യയ്ക്ക് ഗ്രൂപ്പില്‍ അംഗത്വം ലഭിക്കുന്നത് തടയാന്‍ ചൈന പാകിസ്താനെ സഹായിച്ചുവെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.