സൂപ്പർ ബൈക്ക് നിർമാതാക്കളായ എം വി അഗസ്റ്റ ഇന്ത്യയിലേക്ക്

single-img
13 May 2016

bike

ഇറ്റലിയിലെ സൂപ്പർ ബൈക്ക് നിർമാതാക്കളായ എം.വി.അഗസ്റ്റ ഇന്ത്യൻ വിപണിയിലേക്ക്. എം.വി.അഗസ്റ്റ എഫ് ത്രീ 800 ന് വില 16.78 ലക്ഷവും, എഫ് ഫോർ ആർആർ 1000 സിസിക്ക് 50.10 ലക്ഷം രൂപയുമാണ് വില. കൈനറ്റിക് ഗ്രൂപ്പിനാണ് വിതരണാവകാശം. ഇതിനായി എംവി അഗസ്റ്റ ഇന്ത്യ എന്ന പ്രത്യേക കമ്പനിക്കും കൈനറ്റിക് രൂപംനൽകി. റേസിങ് ബൈക്ക് വിപണിയിൽ ഏറ്റവും കൂടിയ വിലയുള്ള ബൈക്കുകളാണിവ.

 

ഇന്ത്യയിൽ ഒരു കോടിയിലേറെ ഇരുചക്രവാഹനങ്ങൾ വിറ്റ പരിചയം കൈനറ്റിക്കിനുണ്ട്. അടുത്ത ഒന്നര വർഷത്തിനിടെ എം വി അഗസ്റ്റ ബ്രാൻഡ് പ്രചരിപ്പിക്കാനും ഈ വിഭാഗത്തിൽ വളർച്ച കൈവരിക്കാനുമാണു കമ്പനി ലക്ഷ്യമിടുന്നതെന്നു എം വി അഗസ്റ്റ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അജിങ്ക്യ ഫിറോദിയ വ്യക്തമാക്കി.‘എഫ് ഫോർ’, ‘എഫ് ത്രീ’, ‘ബ്രൂട്ടെയ്ൽ 1090’ എന്നീ സൂപ്പർ ബൈക്കുകളുമായാണ് എം വി അഗസ്റ്റ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്.

 

ഇന്ത്യയിൽ ഡ്യുകാറ്റി, ട്രയംഫ് തുടങ്ങിയവരോടാണ് എം വി അഗസ്റ്റയുടെ മത്സരം. ശേഷിയേറിയ ബൈക്കുകൾക്കുള്ള ആവശ്യം വർധിച്ചതിനാൽ ഇന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ സാഹചര്യം അനുകൂലമാണെന്ന് എം വി അഗസ്റ്റ മോട്ടോർ എസ് പി എ കൺട്രി മാനേജർ അഭിപ്രായപ്പെട്ടു. അടുത്ത രണ്ടു വർഷത്തിനകം എം വി അഗസ്റ്റയുടെ സമ്പൂർണ ശ്രേണി തന്നെ ഇന്ത്യയിൽ ലഭ്യമാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇക്കൊല്ലം 300 ബൈക്കുകൾ ഇന്ത്യയിൽ വിൽക്കാനാണു പദ്ധതി.