ഖത്തറിന്റെ മെട്രാഷ് 2 ആപ്പിൽ ഇനി മലയാളവും.

single-img
13 May 2016

 

metrash

ഖത്തർ ആഭ്യന്തരമന്ത്രാലയത്തിന്റെ ഇമിഗ്രേഷൻ / പാസ്‌പോർട്ട് / ട്രാഫിക് സേവനങ്ങൾ മൊബൈൽ ഫോണിൽ ലഭ്യമാകുന്ന മെട്രാഷ് 2 ആപ്ലിക്കേഷൻ ഇനി മലയാളത്തിലും ലഭ്യമാകും. മലയാളത്തിനു പുറമെ സ്പാനിഷ്, ഫ്രഞ്ച്, ഉറുദു തുടങ്ങി ആറു ഭാഷകൾ പുതുതായി ഉള്‍പെടുത്തി.

 
ഇഖാമ പുതുക്കല്‍, റദ്ദ് ചെയ്യല്‍, പാസ്‌പോര്‍ട്ട് മാറ്റം, എക്‌സിറ്റ് പെര്‍മിറ്റ് തുടങ്ങിയ സുപ്രധാന സേവനങ്ങള്‍ വീട്ടിലിരുന്നു തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ് മെട്രാഷ് സംവിധാനം. എമിഗ്രേഷന്‍ ഓഫീസില്‍ പോകാതെ സ്മാര്‍ട്ട് ഫോണില്‍ നിര്‍വഹിക്കാവുന്ന രീതിയില്‍ തയാറാക്കിയ മെട്രാഷ് രണ്ടിന് മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ ഭാഷകള്‍ ഉള്‍പെടുത്തി സേവനം വിപുലീകരിക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്.

 
കമ്മ്യൂണിറ്റി പോലിസിങ്, യാത്രാവിലക്ക് സംബന്ധിച്ച വിവരങ്ങള്‍, ലൊക്കേഷന്‍ അന്വേഷണം എന്നീ സേവനങ്ങളും നവീകരിച്ച മേട്രാഷ് രണ്ടില്‍ ലഭ്യമാവും. രാജ്യത്ത് കൂടുതലുള്ള പ്രവാസി സമൂഹത്തിനു ഉപയോഗപ്പെടുത്തുന്നതിനു വേണ്ടിയാണ് പുതിയ ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ വകുപ്പ് മേധാവി ബ്രിഗേഡിയര്‍ അബ്ദുര്‍റഹ്മാന്‍ അല്‍ മാലികി പറഞ്ഞു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നവിധത്തിലാണ് കമ്മ്യൂണിറ്റി പോലിസ് സംവിധാനം മെട്രാഷില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. നിരോധിത വസ്തുക്കളുടെ വില്‍പ്പന, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നേരിട്ട് പോലിസിനെ അറിയിക്കാന്‍ മെത്രാഷ് വഴി സാധിക്കും. കുടുംബ തര്‍ക്കങ്ങള്‍, പെരുമാറ്റ ദൂഷ്യങ്ങള്‍, സാമൂഹിക സഹായം ആവശ്യമുള്ള അടിയന്തര ഘട്ടങ്ങള്‍ എന്നിവ പോലീസിനെ അറിയിക്കാനും സേവനം ഉപയോഗിക്കാം. ഉപയോഗ ശൂന്യമായ റോഡുകള്‍, ഗതാഗത സൂചനാ ബോര്‍ഡുകള്‍, സിഗ്‌നലുകള്‍ പ്രവര്‍ത്തിക്കാതിരിക്കല്‍ തുടങ്ങിയ വിവരങ്ങളും മെട്രാഷ് വഴി കമ്മ്യൂണിറ്റി പോലിസിനെ അറിയിക്കാനാവും.

 
നിലവില്‍ വ്യക്തികളും കമ്പനികളും ഉള്‍പ്പെടെ 2,41,000 ഉപയോക്താക്കളാണ് മെട്രാഷ് 2വിനുള്ളത്. മെട്രാഷ് 2വിലൂടെ ഇതുവരെ 1,80,000 താമസാനുമതിരേഖ പുതുക്കല്‍, 1,40,000 വാഹന ഉടമസ്ഥാവകാശ കൈമാറ്റം, 25,000 ഫാന്‍സി വാഹനനമ്പര്‍ കൈമാറ്റം, 15,000 ഇ – ഗേറ്റ് സേവനങ്ങളുടെ പുതുക്കലും രജിസ്‌ട്രേഷനും, 10,000 ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍ എന്നിവ പൂര്‍ത്തിയാക്കി. മെട്രാഷ് 2 ഉപയോഗിക്കുന്നതിനായി സ്മാര്‍ട്ട് ഐ.ഡി. കാര്‍ഡ് നിര്‍ബന്ധമില്ലെന്നും ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അസി.ഡയറക്ടര്‍ ബ്രിഗേഡിയര്‍ അല്‍ മാലികി പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നതിന് ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന 23 42 000 എന്ന ഹെല്‍പ്പ് ലൈന്‍ സേവനവും ആരംഭിച്ചിട്ടുണ്ട്.