വിലക്ക് ലംഘിച്ച്തൃ പ്തി ദേശായിയും സംഘവും ഹാജി അലി ദർഗയിൽ പ്രവേശിച്ചു.

single-img
12 May 2016
486996-trupti-desai-700-1
വിലക്ക് ലംഘിച്ച് ആക്ടിവിസ്റ്റും ഭൂമാതാ ബ്രിഗേഡ് മേധാവിയുമായ തൃപ്തി ദേശായിയും സംഘവും സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച മുംബൈയിലെ മുസ്ലീം ദേവാലയമായ ഹാജിഅലി ദര്‍ഗയില്‍ പ്രവേശിച്ചു. ദര്‍ഗയുടെ പ്രധാന ആരാധനാ സ്ഥലത്ത് പ്രവേശിക്കാനായില്ല. കനത്ത സുരക്ഷയിലായിരുന്നു തൃപ്തിയും സംഘവും രാവിലെ ആറ് മണിയോടെ ദര്‍ഗയില്‍ പ്രവേശിച്ചത് . കഴിഞ്ഞ മാസം ദര്‍ഗയില്‍ പ്രവേശിക്കാനുളള അവര്‍ ശ്രമിച്ചിരുന്നെങ്കിലും പ്രദേശ വാസികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. കൂടാതെ മുസ്ലീം സംഘടനകളും ശിവസേനയും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.
പോലീസ് ഞങ്ങള്‍ക്കുവേണ്ടി ഇത്തവണ സഹകരിച്ചു. ലിംഗ സമത്വത്തിനായുള്ള ഒരു പോരാട്ടമാണിത്. – തൃപ്തി മാധ്യമങ്ങളോട് പറഞ്ഞു. തൃപ്തിയെയും ഏതാനും വനിതാ സന്നദ്ധ പ്രവര്‍ത്തകരേയും കഴിഞ്ഞമാസം ദര്‍ഗയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു.അഞ്ചു വര്‍ഷമായി സ്‌ത്രീകള്‍ക്ക്‌ ദര്‍ഗയിലെ ഭരണാധികാരികള്‍ വെച്ചിരുന്ന വിലക്ക്‌ മറികടന്ന്‌  തൃപ്‌തിയും സംഘവും ദര്‍ഗയില്‍ പ്രവേശിക്കുകയായിരുന്നു. ദർഗയിൽ പ്രവേശിക്കുവാനുള്ള അനുവാദത്തിനു വേണ്ടി മുസ്ലിം വനിതാ സംഘടനകൾ കേസ് നടത്തി വരികയാണ്.
മഹാരാഷ്ട്രയിലെ ശനി ശിംഘ്നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനായി നടത്തിയ സമരങ്ങളിലൂടെയാണ്  അവര്‍ ദേശീയ ശ്രദ്ധ നേടുന്നത്. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ശനിശിംഖ്‌നാപൂരില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കിയ ശേഷം  അടുത്തതായി  വിലക്ക് ലംഘിച്ച് താന്‍ ശബരിമലയിയിലും  ദര്‍ശനം നടത്തുമെന്ന്‌ തൃപ്തി ദേശായി പ്രസ്താവിച്ചിരുന്നു. ഈ വിഷയത്തില്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച നടത്താന്‍ താന്‍ കേരളത്തിലെത്തുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.