കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വിറ്ററില്‍ പൊങ്കാല;#PoMoneModi ട്വിറ്ററില്‍ ട്രൻഡിങ്ങ്;കേരളത്തെ അപമാനിച്ച പ്രസ്താവന പ്രധാനമന്ത്രി പിൻവലിയ്ക്കണമെന്ന് മുഖ്യമന്ത്രി

single-img
11 May 2016

486999-modi-kerala-latest

 

കേരളം സൊമാലിയ പോലെയെന്ന് പറഞ്ഞ് അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ മലയാളികളുടെ “പൊങ്കാല”.ട്വിറ്ററില്‍ ‘പോ മോനേ മോദി’ (#pomonemodi) ഹാഷ് ടാഗ് ടോപ്പ് ട്രൻഡിങ്ങ് ലിസ്റ്റിൽ ഇടം പിടിച്ചു.കേരളം സൊമാലിയയെ പോലെയാണെന്നും വിശപ്പിനായി കുട്ടികള്‍ മാലിന്യം വരെ കഴിക്കേണ്ട അവസ്ഥയാണെന്നും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ മോദി പറഞ്ഞിരുന്നു.

 

 

 

പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണു മലയാളികൾ ഉയർത്തിക്കൊണ്ട് വന്നത്.പ്രതിഷേധത്തെ തുടര്‍ന്ന് ട്വിറ്ററില്‍ ആരംഭിച്ച #pomonemodi ഹാഷ് ടാഗ് വൈറലാകുകയായിരുന്നു.

 

 

അതേസമയം സോമാലിയയോട് ഉപമിച്ച് കേരളത്തെ അപഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന അടിയന്തരമായി പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇവിടെ നടന്നിട്ടില്ലാത്ത കാര്യങ്ങളും സോമാലിയപോലെയാണെന്നുംവരെ പറഞ്ഞ് കേരളത്തെ അദ്ദേഹം അപമാനിച്ചെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു.


 

കണ്ണൂരിലെ പേരാവൂരില്‍ കുട്ടികള്‍ മാലിന്യത്തില്‍നിന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം കരളലിയിച്ചുവെന്നാണ് വാര്‍ത്തയുടെ നിജസ്ഥിതിപോലും അന്വേഷിക്കാതെ പ്രധാനമന്ത്രി തട്ടിവിട്ടത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ത്തന്നെ അന്വേഷിച്ച് അത് വാസ്തവവിരുദ്ധമാണെന്ന് കണ്ടത്തെിയിരുന്നു. സംസ്ഥാന സര്‍ക്കാറിനോട് നിജസ്ഥിതി അന്വേഷിച്ച് നിഗമനത്തില്‍ എത്തുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നത്. കേരളത്തില്‍ ഒരു കുട്ടിപോലും മാലിന്യകേന്ദ്രങ്ങളില്‍നിന്ന് ഭക്ഷണം കഴിക്കുന്നില്ളെന്ന് തനിക്ക് ഉറപ്പുണ്ട്.

 

ഇവിടെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണവും ആഴ്ചയില്‍ ഒരു ദിവസം മുട്ടയുംപാലും നല്‍കുന്നുണ്ട്. സൗജന്യമായി അരി നല്‍കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തില്‍ സോമാലിയപോലൊരു പ്രദേശമുണ്ടെന്നു പറയുന്നത് പ്രധാനമന്ത്രിക്ക് നാണക്കേടാണ്. സി.പി.എമ്മിന്‍െറ അക്രമങ്ങളും കൊലപാതകങ്ങളും ഒതുക്കിത്തീര്‍ത്തെന്ന പരാമര്‍ശവും ശരിയല്ല. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ശിപാര്‍ശയില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടേകാല്‍ വര്‍ഷമായി അടയിരിക്കുകയാണ്.

 

ബി.ജെ.പിയും സി.പി.എമ്മും തമ്മിലെ ഒത്തുകളിയുടെ ഭാഗമാകാം ഇത്. ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നല്‍കിയ അപേക്ഷയും കേന്ദ്രം പൂഴ്ത്തി. ഷുക്കൂര്‍, കതിരൂര്‍ മനോജ്, മുഹമ്മദ് ഫസല്‍ എന്നിവരുടെ വധത്തിലെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത് കോടതിവിധിയുടെ അടിസ്ഥാനത്തിലാണ്.സോളാറെന്ന് കേള്‍ക്കുമ്പോള്‍  ഇവിടാരും ഞെട്ടാറില്ല.  തെരഞ്ഞെടുപ്പ് ആകുമ്പോള്‍ അപമാനം അല്ളെങ്കില്‍ അഭിമാനം എന്ന നിലപാട് പ്രധാനമന്ത്രിക്കു ചേര്‍ന്നതാണോയെന്നും കത്തില്‍ മുഖ്യമന്ത്രി ചോദിക്കുന്നു.

 

 

കേരളനാട് ഹൃദയത്തിലുണ്ട് എന്നാണല്ലോ അങ്ങ് പ്രസംഗിച്ചത്. അങ്ങനെയായിരുന്നെങ്കില്‍ അങ്ങ് സത്യസന്ധമായി കേരളത്തെക്കുറിച്ചു പറയുമായിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഡോ. മന്‍മോഹന്‍ സിംഗ് വരെയുള്ള മഹാരഥന്മാര്‍ ഇരുന്ന കസേരയാണതെന്ന് വിനീതമായി ഓര്‍മിപ്പിക്കുന്നു. അവര്‍ ഒരിക്കലും ഈ രീതിയിലേക്കു തരംതാഴ്ന്നിട്ടില്ല.

 

അങ്ങ് നാളെ കേരളത്തിലെത്തുമ്പോള്‍, കഴിഞ്ഞ ദിവസം പറഞ്ഞ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു