ജിഷ വധം: സമീപവാസികളുടേയും അയല്‍ക്കാരുടേയും വിരലടയാളം പോലീസ് ശേഖരിക്കുന്നു:പ്രമുഖ പാർട്ടികളുടെ പിന്തുണയില്ലാതെ ഹർത്താൽ തുടങ്ങി

single-img
10 May 2016

WHODUNNIT1

 

 
ജിഷ വധക്കേസിൽ അയൽവാസികളും പൊലീസ് നിരീക്ഷണത്തിൽ. അയൽവാസികളായ പുരുഷൻമാരുടെ വിരലടയാളമാണ് പൊലീസ് ശേഖരിക്കുന്നത്.രണ്ട് വാര്‍ഡുകളില്‍ നിന്നുള്ള 800 ഓളം പുരുഷന്മാരുടെ വിരലടയാളമാണ് ശേഖരിക്കുന്നത്. ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളവും പോലീസ് കസ്റ്റഡിയിലുളളവരുടെ വിരലടയാളവും ചേരാത്ത സാഹചര്യത്തിലാണ് പോലീസ് വ്യാപകമായി വിരലടയാളം ശേഖരിക്കുന്നത്.
അതേസമയം, വധക്കേസ് അന്വേഷണം വാടകക്കൊലയാളിയിലേക്കും നീളുന്നതായി റിപ്പോർട്ടുകളുണ്ട്.കൊലപാതകത്തിലെ ക്രൂരതയേക്കാള്‍ തെളിവു നശിപ്പിച്ച രീതിയാണ് പൊലീസിനെ കുഴയ്ക്കുന്നത്.ജിഷ കൊല്ലപ്പെട്ട 28ന് ശേഷം കാണാതായ അന്യ സംസ്ഥാന തൊഴിലാളികളെക്കുറിച്ച് സമഗ്രമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്.കൊലപാതകം നടത്തിയത് അന്യസംസ്ഥാനക്കാരനാണെന്ന് ഉറപ്പിച്ച മട്ടിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.അന്യസംസ്ഥാനക്കാരിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെക്കുറിച്ചാണ് പ്രത്യേകം അന്വേഷിക്കുന്നത്.

 

അതേസമയം ജിഷ കൊല്ലപ്പെട്ട കേസ് സി.ബി.ഐ. യെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തി ദളിത് കോ-ഓര്‍ഡിനേഷന്‍ മൂവ്‌മെന്‍റ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ലെന്ന് നേതാക്കള്‍ അറിയിച്ചിരുന്നതിനാല്‍ സ്വകാര്യ വാഹനങ്ങളടക്കമുള്ളവ നിരത്തിലിറങ്ങിയിട്ടുണ്ട്. പാല്‍, പത്രം, ആശുപത്രികള്‍ തുടങ്ങിയവയെ ഒഴിവാക്കുമെന്നും കോ-ഓര്‍ഡിനേഷന്‍ മൂവ്‌മെന്‍റ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഹര്‍ത്താലിന് പ്രമുഖ രാഷ്ട്രീയസംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.