മോദിയുടെ ബിരുദം; ആംആദ്മി നേതാക്കൾ ഡല്‍ഹി സര്‍വകലാശാലയിലേക്ക്;എംഎയ്ക്ക് പഠിക്കുമ്പോള്‍ മോദി പേരില്‍ മാറ്റം വരുത്തിയിരുന്നതായി ഗുജറാത്ത് സര്‍വകലാശാല

single-img
10 May 2016

pm-degree

ബിരുദാനന്തര ബിരുദത്തിനു പഠിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പേരില്‍ മാറ്റം വരുത്തിയിരുന്നതായി ഗുജറാത്ത് സര്‍വകലാശാലയുടെ വിശദീകരണം. ബിരുദ സര്‍ട്ടിഫിക്കറ്റില്‍ പേരിനൊപ്പം ചേര്‍ത്തിരുന്ന കുമാര്‍ എന്ന പേര് ബിരുദാനന്തര ബിരുദമെടുത്തപ്പോള്‍ ഉപയോഗിച്ചിരുന്നില്ല. അപേക്ഷ നല്‍കിയപ്പോള്‍ നരേന്ദ്രകുമാര്‍ ദാമോദര്‍ദാസ് മോദിയെന്ന് ആയിരുന്നു. എന്നാല്‍ രണ്ടാം വര്‍ഷപരീക്ഷയ്ക്ക് നല്‍കിയിരുന്ന അപേക്ഷയില്‍ പേര് നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്ന് മാറ്റിയിരുന്നു. ഇതിനാലാണ് സര്‍ട്ടിഫിക്കറ്റില്‍ പേരില്‍ മാറ്റം വന്നതിനു കാരണമെന്ന് സര്‍വകലാശാല അറിയിച്ചു.

അതേസമയം പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ സത്യാവസ്ഥ കണ്ടെത്താന്‍ മുതിര്‍ന്ന എ.എ.പി. നേതാക്കള്‍ ഡല്‍ഹി സര്‍വകലാശാല സന്ദര്‍ശിക്കാനൊരുങ്ങുന്നു. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്നതിനായാണ് എ.എ.പി നേതാക്കള്‍ സര്‍വകലാശാല സന്ദര്‍ശിക്കാനൊരുങ്ങുന്നത്. രേഖകള്‍ പരിശോധിക്കാന്‍ ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായേയും ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റിലിലേയും എ.എ.പി നേതാക്കള്‍ ക്ഷണിച്ചിട്ടുണ്ട്.

നരേന്ദ്ര മോദിയുടെ ബിരുദപഠനവുമായി ബന്ധപ്പെട്ട രേഖകള്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും പുറത്തുവിട്ടിരുന്നു. 1979ലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ആണത്. ബിഎ സര്‍ട്ടിഫിക്കറ്റില്‍ നരേന്ദ്ര കുമാര്‍ ദാമോദര്‍ദാസ് മോദി എന്നാണു പേര്.പുറത്തു വിട്ട വിദ്യാഭ്യാസ രേഖകള്‍ വ്യാജമാണെന്ന വാദവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. പുറത്തു വിട്ട രേഖകളിലെ മോദിയുടെ പേരുകള്‍ തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്ന് എ.എ.പി നേതാവ് അശുതോഷാണ് ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞമാസം വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും മോദിയുടെ വിദ്യാഭ്യാസ രേഖകള്‍ പുറത്തുവിടാന്‍ ഡല്‍ഹി സര്‍വകലാശാല തയ്യാറായിരുന്നില്ല. രജിസ്റ്റര്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ തങ്ങളുടെ കയ്യിലില്ലെന്നും അത് കണ്ടെത്തേണ്ടതുണ്ടെന്നുമായിരുന്നു സര്‍വകലാശാലയില്‍നിന്നുള്ള പ്രതികരണം.