രാജസ്ഥാനിലെ ചരിത്രപുസ്തകത്തിൽ നിന്നും നെഹ്‌റു പുറത്ത്.

single-img
9 May 2016

61e2cd12f5d8f319591d14f8bb4341c9

 

 


ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ പാഠപുസ്തകത്തിൽനിന്ന് ജവഹർലാൽ നെഹ്റുവിന്റെ പേര് ഒഴിവാക്കിയതായി ആരോപണം.എട്ടാം ക്ലാസുകാർക്കുള്ള സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ നിന്നാണ് രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയുടെ പേരും അദ്ദേഹത്തിന്റെ സംഭാവനകളും ഒഴിവാക്കിയിരിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് നെഹ്റുവിനേക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കിയത്.
പുസ്തകത്തിൽ മഹാത്മഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സർദാർ പട്ടേൽ, വീർ സവർക്കർ, ഭഗത് സിങ്, ലാല ലജപത് റായ്, ബാൽ ഗംഗാധര തിലക്, ഹേമു കലാനി എന്നിവരെ കുറിച്ച് പറയുന്നുണ്ട്. പുസ്തകം പുറത്തുവന്നിട്ടില്ല. എന്നാൽ പബ്ലിഷറായ രാജസ്ഥാൻ രാജ്യ പാഠ്യപുസ്തക് മണ്ഡൽ വെബ്സൈറ്റിലാണ് ഇക്കാര്യമുള്ളത്.ദേശീയ പ്രസ്ഥാനം എന്ന പാഠഭാഗത്ത് നെഹ്റു, സരോജിനി നായിഡു, മദൻ മോഹൻ മാളവ്യ എന്നിവരെ കുറിച്ച് പരാമർശമില്ല. കൂടാതെ മഹാത്മഗാന്ധിയെ ഗോഡ്സെ വധിച്ചതും ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് കനയ്യാകുമാറിനെ പോലുള്ളവർ ഉണ്ടാകാതിരിക്കാൻ പാഠപദ്ധതി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവനാനി നേരത്തെ അറിയിച്ചിരുന്നു.മുഗൾ ചക്രവർത്തിയായ അക്ബറിന്റെ പേരിനൊപ്പം ചേർത്തിരുന്ന മഹാൻ എന്ന പദം ഒഴിവാക്കി റാണ പ്രതാപിന് ഒപ്പം ഉപയോഗിക്കും എന്ന് മന്ത്രി പറഞ്ഞതും  പുസ്തകത്തിൽ കാണാനുണ്ട്.
ഇതേത്തുടർന്ന് ബിജെപി സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഇത്തരമൊരു ലജ്ജാകരമായ നീക്കത്തിലൂടെ നാണക്കേടിന്റെ അങ്ങേത്തലയ്ക്കൽ എത്തിയിരിക്കുകയാണ് വസുന്ധര രാജെ സർക്കാരെന്ന് കോൺഗ്രസ് വിമർശിച്ചു. രാജസ്ഥാൻ സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ സച്ചിൻ പൈലറ്റ് വ്യക്തമാക്കി.