കണ്ണൂരിൽ സി പി എം നിയന്ത്രണത്തിലുള്ള വായനശാലയില്‍ സ്‌ഫോടനം;ബീഹാര്‍ മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിലാണു സ്‌ഫോടനം

single-img
7 May 2016

Vayalalam-Explosion-Full

 

 

തലശ്ശേരി കുട്ടിമാക്കൂലില്‍ സി.പി.എം നേതൃത്വത്തിലുള്ള വായനശാലയില്‍ ഉഗ്രസ്‌ഫോടനം. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കുട്ടിമാക്കൂലിലെ പാട്യം ഗോപാലന്‍ സ്മാരക വായനശാലയില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഇരുനില കെട്ടിടത്തിന്റെ മുകള്‍ഭാഗം തകര്‍ന്നിട്ടുണ്ട്

സ്‌ഫോടനം നടന്നയുടനെ ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ തൊട്ടടുത്തുള്ള ഒരു തറവാട് പറമ്പിലേക്ക് മാറ്റിയെന്നും ബി ജെ പി ആരോപിക്കുന്നു. സംഭവത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. തിരഞ്ഞെടുപ്പ് അക്രമത്തിന് തയ്യാറെടുക്കാനുള്ള ബോംബുകള്‍ ഉണ്ടാക്കുന്നതിനിടെ സ്‌ഫോടനം നടക്കുകയായിരുന്നുവെന്നാണ് ബി ജെ പിയുടെ ആരോപണം.അതേസമയം സ്‌ഫോടനം നടത്തിയത് ബി ജെ പി ആണെന്നാണ് സി പി എമ്മിന്റെ ആരോപണം .

സ്‌ഫോടനം നടന്ന പ്രദേശം പോലീസ് നിരീക്ഷണത്തിലുമാണ്. ഫോറന്‍സിക് വിഭാഗം എത്തി വിശദമായ പരിശോധന നടത്തി. സ്‌ഫോടനത്തെ തുടര്‍ന്ന് ഇല്ലത്ത് താഴെ, മൂഴിക്കര പ്രദേശങ്ങളില്‍ പോലീസും ബോംബ് സ്‌ക്വാഡും വ്യാപക പരിശോധന നടത്തിവരുന്നുണ്ട്. വായനശാല കെട്ടിടത്തിനുള്ളില്‍ നിന്നും ഒന്നില്‍കൂടുതല്‍ ബോംബുകള്‍ പൊട്ടിയെന്നാണ് നിഗമനവും.

നാദാപുരത്തിനടുത്ത് തെരുവൻ പറമ്പിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനമുണ്ടായി ഒരു സിപിഎം പ്രവർത്തകൻ മരിച്ചത് അടുത്തയിടെയാണ് .

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തലശ്ശേരി വഴി ഇന്ന് പാനൂരിലേക്ക് പോകാനിരിക്കെയാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത് .