ജിഷയുടെ കൊലപാതക സമയം 5.35നും ആറ് മണിക്കും ഇടയിലാണെന്നാണ് പൊലീസ്:ഘാതകനെ കണ്ടതായി അയല്‍വാസികളുടെ മൊഴി

single-img
6 May 2016

Untitled-15പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം സംബന്ധിച്ചു നിര്‍ണായക മൊഴികള്‍ ലഭിച്ചതായി പോലീസ്. കൃത്യം നടന്നത് വൈകിട്ട് 5.35നും ആറ് മണിക്കും ഇടയിലാണെന്നാണ് പൊലീസ് പറയുന്നത്. ഇത് സംബന്ധിച്ച് പരിസരവാസികളായ മൂന്ന് സ്ത്രീകൾ പൊലീസിന് മൊഴി നൽകി. 5.40 ന് പെണ്‍കുട്ടിയുടെ നിലവിളിയും ഞരക്കവും കേട്ടതായി ഇവർ സുപ്രധാന മൊഴി നല്‍കിയിട്ടുണ്ട്. ഇതിലൂടെ കൃത്യം നടന്നത് ഈ സമയത്ത് തന്നെ ആകാമെന്നാണ് പൊലീസ് അനുമാനിക്കുന്നത്.

നേരത്തെ ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം ആറിനുമിടയിലാണ് സംഭവം നടന്നതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ജിഷയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉച്ചകഴിഞ്ഞു മൂന്നിനു ശേഷമാണ് കൃത്യം നടന്നതെന്നാണ് പറഞ്ഞിരിക്കുന്നത്. ജിഷയുടെ ഘാതകനെന്നു കരുതുന്നയാള്‍ വൈകുന്നേരം 6.05ന് കനാല്‍ വഴി കടന്നു പോയതായും പരിസരവാസികളുടെ മൊഴിയില്‍ നിന്നു വ്യക്തമായി. പ്രതിയെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. മഞ്ഞ ഷര്‍ട്ട് ധരിച്ച കാലില്‍ ചെരുപ്പില്ലാത്തയാളാണ് ഘാതകനെന്നും പോലീസ് മൊഴിയുടെ അടിസ്ഥാനത്തില്‍ അറിയിച്ചു.

കുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടില്‍ വീട്ടില്‍ രാജേശ്വരിയുടെ മകള്‍ ജിഷ (30) കഴിഞ്ഞ വ്യാഴാഴ്ചയാണ് ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ തിങ്കളാഴ്ചയാണ് അന്വേഷണം ഊര്‍ജിതമായത്. സംഭവത്തിന് പിന്നില്‍ മറുനാടന്‍ തൊഴിലാളികളാണെന്ന വാദം ആദ്യമേതന്നെ പൊലീസ് തള്ളിയിരുന്നു. എന്നാല്‍, ബലാത്സംഗത്തിനുശേഷം ക്രൂരമായി കൊലപ്പെടുത്താനും അതിനുശേഷം മൃതദേഹം കുത്തിക്കീറി വികൃതമാക്കാനും തക്ക വൈരാഗ്യമുള്ളവര്‍ ആര് എന്ന ചോദ്യത്തിന് മുന്നില്‍ അന്വേഷണം വഴിമുട്ടുകയായിരുന്നു.