ഉമ്മന്‍ചാണ്ടിയുടെത് മൃഗസമാനമായ രാഷ്ട്രീയമെന്ന് വി.എസ്

single-img
6 May 2016

VS-Achuthanandan1
പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചതിനെകുറിച്ച് താന്‍ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഉമ്മന്‍ ചാണ്ടി, നിങ്ങളെയോര്‍ത്ത് കേരളം ലജ്ജിക്കുന്നു.’ എന്ന തലക്കെട്ടിലാണ് ഇന്നത്തെ പോസ്റ്റ്.ഇത് മൃഗസമാനമായ രാഷ്ട്രീയമാണെന്നും ഇങ്ങനെ ചെയ്തതിലൂടെ കേരളത്തിന്റെ മുഖത്ത് ഉമ്മന്‍ചാണ്ടി കാര്‍ക്കിച്ച് തുപ്പിയതായും വി.എസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാകട്ടെ കഴിവ്‌കെട്ട പൊലീസിനെ സംരക്ഷിച്ചു കൊണ്ട് അന്വേഷണത്തെ വഴിമുട്ടിക്കുന്നു. ഇതിനെ വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. ഈ അസ്ഥിമാടത്തിന് വെള്ളപൂശാന്‍ എല്‍.ഡി.എഫിനെ കിട്ടില്ലെന്നും സ്ത്രീകള്‍ക്ക് പഴുതടച്ചുള്ള സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പോസ്റ്റില്‍ പറയുന്നു.

ജിഷയെ എന്റെ സ്വന്തം കൊച്ചു മകളെ പോലെയും ജിഷയുടെ അമ്മയെ സ്വന്തം മകളായുമാണ് കണ്ടത്. അവര്‍ എന്റെ കൈകള്‍ അവരുടെ കൈകളിലേക്ക് എടുത്ത് വാവിട്ട് നിലവിളിച്ചു. ഈ ദുഃഖം കണ്ട് കരച്ചിലടക്കാന്‍ പോലും ഞാന്‍ പാടുപെടുന്നുണ്ടായിരുന്നു. അതിലും രാഷ്ട്രീയം കാണാന്‍ ഉമ്മന്‍ചാണ്ടിയെ പോലെ അധമമനസുള്ളവര്‍ക്കെ കഴിയു – വിഎസ് പറയുന്നു.