മഹാരാഷ്ട്രയിലെ ബീഫ് നിരോധനം തുടരും:മഹാരാഷ്ട്രയ്ക്ക് പുറത്തു നിന്ന് കൊണ്ടുവരുന്ന ഗോമാംസം കഴിക്കാം

single-img
6 May 2016

 

Spicy-Kerala-Beef-fry-image-courtesy-Dileep-Jose

 

മഹാരാഷ്ട്രയിലെ ബീഫ് നിരോധനവും ഗോവധ നിരോധനവും നിലനില്ക്കുമെന്ന് ബോംബെ ഹൈക്കോടതി. അതേസമയം, സംസ്ഥാനത്തിന്റെ പുറത്തുനിന്നുമെത്തിക്കുന്ന ഗോമാംസം കഴിക്കുന്നതോ കൈവശം വയ്ക്കുന്നതോ നിയമവിരുദ്ധമല്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഗോമാംസ നിരോധനം ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. എന്നാല്‍ മഹാരാഷ്ട്രയ്ക്ക് പുറത്തു നിന്ന് കൊണ്ടുവരുന്ന ഗോമാംസം കൈവശം വെക്കുന്നതോ കഴിക്കുന്നതോ കുറ്റകരമല്ലെന്ന് ജസ്റ്റിസുമാരായ അഭയ് ഓക, സുരേഷ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷമാണ് മഹാരാഷ്ട്രയില്‍ ബീഫ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതു പ്രകാരം ഗോമാംസം വില്‍ക്കുകയോ ഉപഭോഗം ചെയ്യുകയോ ചെയ്യുന്നത് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. ഇതിനെതിരേ നിരവധി ഹര്‍ജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. മുംബൈ പോലൊരു കോസ്മോപോളിറ്റന്‍ നഗരത്തില്‍ വിവിധ മതവിഭാഗക്കാര്‍ അധിവസിക്കുന്നതാണെന്നും ഇത്തരത്തിലൊരു ബീഫ് നിരോധനം പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍ നല്കിയത്.

ബി.ജെ.പി ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ ഭരണത്തിലിരുന്ന കാലത്ത് 1996ലാണ് ഗോമാംസം നിരോധിച്ചുകൊണ്ടുള്ള മഹാരാഷ്ട്ര മൃഗസംരക്ഷണ(ഭേദഗതി) ബില്‍ അന്നത്തെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടത്. കഴിഞ്ഞ 19 വര്‍ഷമായി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കാത്തുകിടക്കുകയായിരുന്നു ഈ ബില്‍. ഗോവധം നിരോധിച്ചുകൊണ്ടുള്ള നിയമം 1976ല്‍ത്തന്നെ മഹാരാഷ്ട്രയില്‍ നടപ്പാക്കിയതാണ്.