വിജയ് മല്യയുടെ രാജ്യസഭാ എംപി സ്ഥാനം രാജിവെയ്ക്കാനുള്ള രാജിക്കത്ത് സ്വീകരിച്ചു.

single-img
5 May 2016

Vijay-Mallya-EP3-1
വ്യവസായി വിജയ് മല്യയുടെ രാജ്യസഭാ എംപി സ്ഥാനം രാജിവെയ്ക്കാനുള്ള രണ്ടാം രാജിക്കത്ത് സ്വീകരിച്ചു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ഹമീദ് അന്‍സാരി ആദ്യ രാജിക്കത്ത് തള്ളിയ സാഹചര്യത്തിലാണ് രണ്ടാം രാജിക്കത്ത് നല്‍കിയത്. നേരത്തെ രാജിക്കത്ത് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതല്ല എന്നും കത്തിലെ ഒപ്പ് മല്യയുടേതല്ല എന്നും ചൂണ്ടിക്കാട്ടിയാണ് ഹമീദ് അന്‍സാരി തള്ളിയത് .
രണ്ടാമത്തെ കത്ത് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് വിജയ് മല്യ സമര്‍പ്പിച്ചത്. രാജിക്കത്തിന്റെ സ്‌കാന്‍ ചെയ്ത കോപ്പിയാണ് വിജയ് മല്യ അയച്ചത്. മല്യയെ സസ്പെന്‍ഡ് ചെയ്യുന്ന കാര്യത്തില്‍ എത്തിക്‌സ് കമ്മിറ്റി ഉടന്‍ അന്തിമതീരുമാനം കൈക്കൊള്ളാനിരിക്കേയാണ് വിജയ് മല്യ രാജിവെച്ചിരിക്കുന്നത്. രാജ്യസഭ അധ്യക്ഷനൊപ്പം എത്തിക്സ് കമ്മിറ്റി അധ്യക്ഷനും മല്യ രാജിക്കത്ത് അയച്ചുകൊടുത്തിരുന്നു.

രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപയുടെ വായ്പയെടുത്ത വിജയ് മല്യയ്ക്കെതിരേ എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മല്യയുടെ പാസ്പോര്‍ട്ട് കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. അറസ്റ്റ് വഴങ്ങാനോ ഇന്ത്യയിലേക്ക് മടങ്ങാനോ താന്‍ തയാറല്ല എന്ന് മല്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മല്യയ്ക്കെതിരേ കടുത്ത നടപടിക്ക് നീങ്ങാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം .മല്യയെ തിരിച്ചയക്കണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മല്യയുടെ പാസ്‌പോര്‍ട്ടും കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.