ജിഷ വധം: അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി പോലീസിനെ സമ്മര്‍ദത്തിലാക്കരുതെന്ന് ആഭ്യന്തര മന്ത്രി;തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതിനോട് യോജിപ്പില്ല

single-img
5 May 2016

19-1450495133-chennithala
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി പോലീസിനെ സമ്മര്‍ദത്തിലാക്കരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസ് പൂര്‍ണ ഗൗരവത്തോടെ കേരളാ പൊലിസ് അന്വേഷിക്കുകയാണ്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ താന്‍ നേരിട്ട് കേസിന്റെ പുരോഗതി വിലയിരുത്തുന്നുണ്ട്. വൈകാതെ പ്രതിയെ പിടികൂടുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അന്വേഷണം സുതാര്യമായും ഗൗരവത്തോടെയും നടത്തുക എന്നതാണ് പോലീസിന്റെ സമീപനം. സമരങ്ങളും മറ്റും നടത്തുമ്പോള്‍ ക്രമസമാധനവും അന്വേഷണവും നോക്കണം എന്ന നിലയിലാവും കാര്യങ്ങള്‍. അതുകൊണ്ട് അന്വേഷണം നടത്താനുള്ള അവസരം പോലീസിന് കൊടുക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തരം സംഭവങ്ങളെ രാഷ്ട്രീയമായി കാണാന്‍ ആഗ്രഹിക്കുന്നില്ല. ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയപ്പോഴും മറ്റു സ്ഥലങ്ങളിലും എനിക്കെതിരെ പ്രതിഷേധമുണ്ടായി. കേരളീയ സമൂഹം ഒറ്റക്കെട്ടായി കുറ്റവാളികളെ കണ്ടെത്താനും സംഭവത്തെ അപലപിക്കുകയും ചെയ്യുന്ന സമയത്ത് അതിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് നല്ലതല്ലെന്നും ചെന്നിത്തല പറഞ്ഞു.

ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കേണ്ടതിനാലാണ് സമയം കൂടുതലെടുക്കുന്നത്. വൈകാതെ തന്നെ പ്രതിയെ പിടികൂടാമെന്ന വിശ്വാസത്തിലാണ് പോലീസ്. കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവരുന്നത് അന്വേഷണത്തിന് ഗുണകരമല്ല. എല്ലാ കാര്യങ്ങളും പുറത്തുപറയാനാവില്ല. പൊലിസിന്റെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ല. സമയമെടുക്കുന്നത് കൂടുതല്‍ തെളിവു ശേഖരിക്കാനുള്ളതിനാലാണെന്നും ചെന്നിത്തല വ്യക്തമാക്കി.